

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം മെയ് 1 ന് പുറത്തിറങ്ങും. ജോർജ്കുട്ടിയുടെ പേടിയിലൂടെയും ഇമോഷൻസിലൂടെയും ആണ് മൂന്നാം ഭാഗം കഥ പറയുന്നതെന്നും അമിത പ്രതീക്ഷയോടെ പ്രേക്ഷകർ സിനിമ കാണാൻ വരരുതെന്നും ജീത്തു ജോസഫ് പറഞ്ഞു. സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ മനസുതുറക്കുകയായിരുന്നു അദ്ദേഹം.
'ദൃശ്യം മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ പേടിയിലും ഇമോഷൻസിലുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഇത്തവണ തന്റെ പിന്നാലെ ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ അത് ആര് എന്ന് ജോർജ്കുട്ടിക്ക് അറിയില്ല. ആദ്യ രണ്ട് ഭാഗങ്ങളിലും ജോർജ്കുട്ടിക്ക് അതിനെക്കുറിച്ചുള്ള ധാരണകൾ ഉണ്ടായിരുന്നു. ഇവിടെ അയാൾ ഇരുട്ടിൽ തപ്പുകയാണ്. ഏറ്റവും അപകടകരമായ അവസ്ഥയാണ് അത്. സർപ്രൈസ് എലെമെന്റുകൾ ഇല്ലെന്ന് ഞാൻ പറയുന്നില്ല പക്ഷേ അത് മാത്രമല്ല ദൃശ്യം 3. അതുകൊണ്ട് ഒരു പരിധിക്ക് അപ്പുറം നിങ്ങൾ അത് പ്രതീക്ഷിച്ച് സിനിമ കാണാൻ വരരുത് നിങ്ങൾ നിരാശരാകും', ജീത്തു ജോസഫിന്റെ വാക്കുകൾ.
സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നു. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ജോർജ് കുട്ടിയുടെ ഭയത്തെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സിനിമയാകും ദൃശ്യം 3 എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നെ സിനിമ ഉറപ്പ് നൽകുമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. സിനിമയുടെ സെൻസറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞു. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ യുഎസ്എ പ്രീമിയറുകൾ മെയ് 20 ന് 7.30 മുതലാണ് ആരംഭിക്കുക. ആദ്യ ദിനം ദൃശ്യം 3 വമ്പൻ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടൽ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
Content Highlights: The third part is about Georgekutty's fear and emotion says Jeethu Joseph