

രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് അടിയന്തര വായ്പാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര വായ്പാ ഗാരന്റി പദ്ധതി (ഇസിഎല്‍ജിഎസ്) പ്രകാരം ഓരോ കമ്പനിക്കും 1,500 കോടി രൂപവീതം വായ്പ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സാമ്പത്തികസേവനവകുപ്പ് സെക്രട്ടറി എം നാഗരാജു വ്യക്തമാക്കി.
പശ്ചിമേഷ്യാസംഘര്‍ഷം ബാധിച്ച വ്യവസായമേഖലകളുടെ പ്രവര്‍ത്തന മൂലധനലഭ്യത ഉറപ്പാക്കുന്നതിനായി 2.55 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിമാന ഇന്ധന വിലയിലെ വര്‍ധന, വ്യോമപാതകളിലെ തടസ്സങ്ങള്‍മൂലം ചെലവിലുണ്ടായ വര്‍ധന, അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരുന്ന സാഹചര്യം എന്നിവ മുന്‍നിര്‍ത്തിയാണ് വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തനമൂലധനം ഉറപ്പാക്കാന്‍ സഹായവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
മുന്‍നിരക്കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയ്ക്ക് 1,500 കോടിരൂപ വീതമാണ് പദ്ധതിപ്രകാരം വായ്പ ലഭ്യമാക്കുക. നിലവിലുള്ള വായ്പകളും കിട്ടാക്കടങ്ങളും പരിശോധിച്ചാകും ഈ വായ്പകള്‍ ലഭിക്കുക. സാധാരണയിലും കുറഞ്ഞ പലിശയില്‍ ലഭ്യമാക്കുന്ന ഈ വായ്പ ഏഴുവര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. രണ്ടുവര്‍ഷത്തെ മൊറട്ടോറിയവും ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: India's three largest airlines - Air India, IndiGo and SpiceJet - could each become eligible for credit support of up to Rs 1,500 crore under the Centre's Emergency Credit Line Guarantee Scheme (ECLGS) 5.0, a relief package designed to support businesses impacted by the ongoing West Asia conflict.