

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകർ നടത്തുന്ന ഫ്ളക്സ് യുദ്ധങ്ങളും പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും സംയുക്തമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പ്രവർത്തകർ അത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത്. ഫ്ളക്സ് യുദ്ധങ്ങളും പ്രകടനങ്ങളും വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളെ വേദനിപ്പിക്കുമെന്നും കഴിയുമെങ്കിൽ ഇന്നുതന്നെ സംസ്ഥാനത്തുടനീളം വെച്ച എല്ലാ ഫ്ളക്സുകളും നീക്കം ചെയ്യണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വിജയത്തിന്റെ മഹിമ കളയാതെ ഫ്‌ളക്‌സുകള്‍ എല്ലാവരും എടുത്തുകളയണം എന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. പാർട്ടിയും ജനങ്ങളുമാണ് പ്രധാനമെന്നും നടന്ന നിർഭാഗ്യകരമായ സംഭവങ്ങളെല്ലാം പഴങ്കഥയായി അവസാനിപ്പിച്ച് നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ച് മുന്നോട്ടുപോകണമെന്ന് കെ സി വേണുഗോപാലും ആവശ്യപ്പെട്ടു. ഹൈക്കമാൻഡുമായുളള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. മറ്റേതൊരു സംസ്ഥാനത്തും ഒരു പാര്‍ട്ടിയിലും ഇത്ര വേഗത്തില്‍ നടപടിക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്നുമാണ് വി ഡി പറഞ്ഞത്. ഇനി തീരുമാനം പ്രഖ്യാപിക്കേണ്ട കാര്യമേ ഉളളുവെന്നും അത് നേതൃത്വം സമയമാകുമ്പോള്‍ പ്രഖ്യാപിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. 'ഉജ്ജ്വലമായ വിജയമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. എല്ലാ നേതാക്കളും പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ചരിത്രത്തിലെ മഹാവിജയമാണ്. പിന്നീടുളള ചേരി തിരിഞ്ഞുളള പ്രകടനങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളും കോണ്‍ഗ്രസില്‍ വിഭാഗീയത ഉണ്ടെന്ന പ്രചാരണമുണ്ടാക്കി. ഞങ്ങളെല്ലാവരും ഒരുമിച്ച് ചേര്‍ന്ന് പറയുകയാണ്, ഇനി ആരും ഞങ്ങള്‍ക്കുവേണ്ടി അത്തരം പ്രചാരണങ്ങള്‍ നടത്തരുത്. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും യുഡിഎഫ് പ്രവര്‍ത്തകരെയും നമുക്ക് വോട്ടുചെയ്ത ജനങ്ങളെയും വേദനിപ്പിക്കും. പറ്റുമെങ്കില്‍ ഇന്നുതന്നെ സംസ്ഥാനത്ത് വെച്ച എല്ലാ ഫ്ളക്സുകളും നീക്കം ചെയ്യണം. ഒരിടത്തും പ്രകടനം നടത്തരുത്', വി ഡി സതീശന്‍ പറഞ്ഞു.
'ജനങ്ങള്‍ നല്‍കിയത് വമ്പിച്ച വിജയമാണ്. ഐക്യജനാധിപത്യ മുന്നണിയുടെ ഏറ്റവും മികച്ച, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുണ്ടാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അതിനിടെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. അതെല്ലാം പഴങ്കഥയായി അവസാനിപ്പിക്കണം. ഞങ്ങളെല്ലാവരും പാര്‍ട്ടിക്കാരാണ്. പാര്‍ട്ടിയാണ് പരമപ്രധാനം. ജനങ്ങളാണ് പരമപ്രധാനം. നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ച് മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. എന്റെയോ രമേശ് ചെന്നിത്തലയുടെയോ വി ഡി സതീശന്റെ പേരില്‍ ബോര്‍ഡ് വയ്ക്കാനോ പ്രകടനം നടത്താനോ പോകുന്നത് അവസാനിപ്പിക്കണം', എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.
'ചരിത്രവിജയമാണ് ഇക്കുറി നമുക്ക് ലഭിച്ചത്. അതില്‍ കേരളത്തിലെ ജനങ്ങള്‍ ആഹ്ലാദഭരിതരാണ്. അതിനിടയ്ക്കാണ് ഞങ്ങള്‍ മൂന്നുപേരുടെയും പേരുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടന്നത്. ആവേശഭരിതരായ ആളുകളോ താല്‍പ്പര്യമുളള ആളുകളോ ബോര്‍ഡുകള്‍ വയ്ക്കുകയും ജാഥ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടാണ്. നേതാക്കളോട് സ്‌നേഹം തോന്നുന്നതും താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിലും തെറ്റില്ല. പക്ഷെ അത് ജനങ്ങളുടെ മുന്നില്‍ നമുക്കൊരു മോശം ചിത്രമുണ്ടാക്കാന്‍ വഴിതെളിച്ചിട്ടുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. എല്ലാ നേതാക്കളും പ്രവര്‍ത്തകരും ഇന്ന് തന്നെ ബോര്‍ഡുകള്‍ എടുത്തുമാറ്റണം. ജാഥകളും പ്രകടനങ്ങളും നടത്തരുത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തിനൊപ്പം ഉറച്ചുനില്‍ക്കണം', എന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷനും എടുക്കുന്ന ഏത് തീരുമാനവും ഒരേ സ്വരത്തില്‍ അംഗീകരിക്കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഐക്യത്തിന് വേണ്ടി പ്രതിജ്ഞാബദ്ധരാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ജനങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കണമെന്നും ഈ ദിവസങ്ങളിലുണ്ടായ മോശം വാര്‍ത്തകളില്‍ തിരുത്തല്‍ വരുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: leaders urge congress workers to stop flex wars and campaigns in street for cm candidature