

നിരവധി വേഷങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പടുത്തിയ നടൻ ആണ് ഇന്ദ്രൻസ്. സൂര്യ ചിത്രം കറുപ്പിലും ഇന്ദ്രൻസ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ നടൻ സൂര്യ ഇന്ദ്രൻസിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. കറുപ്പിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.
'ഞാൻ നാഷണൽ അവാർഡ് വാങ്ങിയപ്പോൾ അദ്ദേഹവും നാഷണൽ അവാർഡ് വാങ്ങി. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരുപാട് നാൾ അദ്ദേഹത്തെ വച്ച് ബോഡി ഷെയ്മിങ് ആണ് ചെയ്തുകൊണ്ടിരുന്നത്. യൂട്യൂബിൽ ചെന്ന് ഇന്ദ്രൻസ് മൂവി ആക്ടിങ് എന്ന് സെർച്ച് ചെയ്‌താൽ അദ്ദേഹത്തിന്റെ ഓരോ സിനിമയിലെയും വ്യത്യസ്തമായ കഥാപാത്രങ്ങൾ വരും. ഒരു കോസ്റ്റ്യൂം ഡിസൈനറായി ആരംഭിച്ച് പിന്നീട് ചെറിയ റോളുകൾ ചെയ്ത് ഇപ്പോൾ നാഷണൽ അവാർഡ് വാങ്ങുന്ന തരത്തിലുള്ള ഹീറോ ആയി അദ്ദേഹം മാറി. നാലാം ക്ലാസ് വരെയാണ് അദ്ദേഹം പഠിച്ചിട്ടുള്ളത്. ഇപ്പോൾ തിരിച്ചുപോയി അദ്ദേഹം ഏഴാം ക്ലാസിലെ എക്സാം എഴുതി. സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റ് ഇല്ല', സൂര്യയുടെ വാക്കുകൾ. നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രം ആണ് കറുപ്പ്. മെയ് 14നാണ് ചിത്രം തീയേറ്ററിലെത്തുന്നത്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്‌ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. സീ തമിഴ് ആണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Content Highlights: Body-shamed for a long time, today he is a National Award hero says Suriya about Indrans