

യഷ് നായകനായി എത്തുന്ന 'ടോക്‌സിക്' സിനിമയുടെ റിലീസ് വീണ്ടും മാറ്റി വച്ചു. ജൂണ്‍ 4 നായിരുന്നു ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സുമാണ് ചിത്രം നിര്‍മിക്കുന്നത്. പുതുക്കിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.
സിനിമാകോണ്‍ 2026 വേദിയില്‍ ചിത്രം അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചതിന്റെ പശ്ചാതലത്തില്‍ ചിത്രത്തിന് കൂടുതല്‍ വലിയ അന്താരാഷ്ട്ര റിലീസിനുള്ള സാധ്യതകള്‍ തുറന്നതായാണ് റിപ്പോര്‍ട്ട്. അതിനെ തുടര്‍ന്നാണ് റിലീസ് തീയതി മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ചിത്രം അതിന്റെ അര്‍ഹമായ വലിയ സ്‌കെയിലില്‍ തന്നെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റിലീസ് പ്ലാന്‍ തയ്യാറാക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കി.

'ടോക്‌സിക് സിനിമ സിനിമാകോണില്‍ അവതരിപ്പിച്ചപ്പോള്‍ ലഭിച്ച ആഗോള പ്രതികരണം ഈ ചിത്രം ലോകവ്യാപകമായി അതിന്റെ പൂര്‍ണ ശേഷിയില്‍ എത്തണമെന്ന ഞങ്ങളുടെ വിശ്വാസത്തെ കൂടുതല്‍ ഉറപ്പിച്ചു. സിനിമയെ എന്തുകൊണ്ടാണ് നമ്മള്‍ ഇഷ്ടപ്പെട്ടത് എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ചില സിനിമകളുണ്ട്. 'ടോക്‌സിക്' അത്തരമൊരു അനുഭവമാണ്. ടോക്‌സിക് പൂര്‍ത്തിയായിരിക്കുന്നു, ആഗോള വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോള്‍ ഞങ്ങള്‍.

ഒരു നടനെന്ന നിലയിലും നിര്‍മ്മാതാവെന്ന നിലയിലും, ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടിയും നമ്മള്‍ക്ക് എല്ലാവര്‍ക്കും വേണ്ടിയും എന്റെ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട ഒരു അവസരമായി ഞാന്‍ ഇതിനെ കാണുന്നു. ഈ ചിത്രം ആഗോളതലത്തില്‍ എത്തേണ്ട രീതിയില്‍ എത്തിക്കാന്‍ വേണ്ട സമയം എടുക്കുന്നത് എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓരോ ചുവടുവയ്പ്പിലും ഓരോ മാറ്റത്തിലും നിങ്ങളുടെ പിന്തുണ എന്നോടൊപ്പം ഉണ്ടായിരുന്നു, ഞാന്‍ അത് വളരെ നന്ദിയോടെ ഓര്‍ക്കുന്നു.
ചില കഥകള്‍ ക്ഷമ ആവശ്യപ്പെടുന്നു. ചില യാത്രകള്‍ ക്ഷമ ആവശ്യപ്പെടുന്നു. ആസ്വദിക്കാനും ആഘോഷിക്കാനും ഒരു സിനിമ നിങ്ങള്‍ക്ക് നല്‍കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു - ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനകരമായ നിമിഷമായി നിലകൊള്ളുന്ന ഒരു സിനിമ,' യഷ് പറഞ്ഞു.
കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ടോക്സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
Content Highlights: Toxic's release has been postponed again. The film was earlier announced to be released on June 4th.