

ആട്ടം, ബി 32 മുതൽ 44 വരെ, രേഖാചിത്രം, ഇത്തിരി നേരം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷപ്രീതി നേടിയ നടിയാണ് സെറിൻ ഷിഹാബ്. ആട്ടത്തിലെ നടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ആസിഫ് അലി നായകനായി എത്തിയ രേഖാചിത്രത്തിലെ സെറിന്റെ വില്ലൻ വേഷം ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ രേഖാചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, ജീവിതത്തിലും കരിയറിലെ തന്റെ ഭർത്താവ് തനിക്ക് നൽകുന്ന പിന്തുണയെ കുറിച്ചും സെറിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
'രേഖാചിത്രം കണ്ട എന്റെ സുഹൃത്തുക്കൾക്ക് ശരിക്കും പേടി തോന്നി. കാരണം എന്റെ ഈ ഒരു വശം അവർ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ അവർ എന്റെ ഭർത്താവിനെ നോക്കിയപ്പോൾ അദ്ദേഹത്തിന് ഭാവഭേദമൊന്നുമില്ലായിരുന്നു. അദ്ദേഹം പറഞ്ഞത്, ‘ഞാൻ അവളുടെ ഈ വശം മുൻപേ കണ്ടിട്ടുണ്ട്, ഇത് എന്റെ ജീവിതത്തിലെ മറ്റൊരു സാധാരണ ചൊവ്വാഴ്ച മാത്രമാണ്’ എന്നാണ്. അദ്ദേഹം വളരെ സപ്പോർട്ടീവായ ആളാണ്. എന്റെ യാത്രയിൽ അദ്ദേഹം നൽകുന്ന പിന്തുണയ്ക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഞാൻ ഒരു നടിയാകാൻ തീരുമാനിച്ചപ്പോൾ ആദ്യം എന്നെ പിന്തുണച്ചത് അദ്ദേഹമാണ്. ഈ പുരസ്‌കാരനേട്ടത്തിന് പിന്തുണയായി നിന്ന ഡാനിയലിനും നന്ദി കാരണം ഇത് അദ്ദേഹത്തിന്റെ കൂടി നേട്ടമാണ്', സെറിന്റെ വാക്കുകൾ.


ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയാണ് രേഖാചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ആസിഫ് അലിയുടേതും അനശ്വര രാജന്റെയും പ്രകടനങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് "രേഖാചിത്രം" നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറ’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’.
Content Highlights: Zarin Shihab says her friends were scared and surprised after watching her in Rekhachithram