

ഡ്രാഗൺ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് കയാദു ലോഹർ. ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി ആണ് ഇനി പുറത്തിറങ്ങാനുള്ള കയാദു ലോഹർ ചിത്രം. സിനിമയുടെ പ്രൊമോഷനായി തമിഴ്നാട്ടിൽ എത്തിയപ്പോൾ നടി നേരിട്ട ഒരു ചോദ്യവും അതിന് കയാദു നൽകിയ ഉത്തരവുമാണ് ഇപ്പോൾ വൈറലാകുന്നത്.
മലയാളത്തിൽ മൂന്ന് സിനിമകളിൽ അഭിനയിച്ചു തമിഴിലും അഭിനയിച്ചു അപ്പോൾ എന്തുകൊണ്ടാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. 'ഞാൻ പല ഭാഷകളിൽ സിനിമ ചെയ്യുന്നുണ്ട്. ഞാൻ സൗത്ത് ഇന്ത്യയിൽ നിന്നല്ല വരുന്നത്. എനിക്ക് ഇവിടുത്തെ ഭാഷയെ ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് ഞാൻ ഭാഷ പഠിക്കാനായി ശ്രമിക്കുന്നുണ്ട്. നമ്മൾ മറ്റൊരു ഭാഷയിൽ പോയി സിനിമ ചെയ്യുമ്പോൾ അവിടത്തെ പ്രേക്ഷകർക്ക് നമ്മളെ ഏറ്റവും റിലേറ്റ് ആകുന്നതും കണക്ട് ആകുന്നതും ഭാഷയിലൂടെയാണ്. കുറച്ചു സമയം എനിക്ക് തരൂ തമിഴും മലയാളവും ഞാൻ ഫ്ലുവെൻറ് ആയി സംസാരിക്കും. പക്ഷെ തുടർച്ചായി വിവിധ ഭാഷകളിൽ അഭിനയിക്കുമ്പോൾ അത് കുറച്ചു ബുദ്ധിമുട്ടാണ്', എന്നായിരുന്നു നടിയുടെ മറുപടി.
😋 கொஞ்சம் Time குடுங்க #Tamil & #malayalam-ல Fluent-அ பேசி காட்டுறேன் - #kayadulohar
— Cineulagam (@cineulagam) March 30, 2026
#pallichattambi #Pallichattambipressmeet #tovinothomas #kayadulohar #DijoJose #jakesbejoy #dulquersalmaan #vishalmishra #latestupdates # pic.twitter.com/dMuJIYUGqV
ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പള്ളിച്ചട്ടമ്പി ഏപ്രിൽ 10 ന് പുറത്തിറങ്ങും. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമ്മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാൻവാസിൽ എത്തുന്നത്. ബിഗ് ബജറ്റിൽ എത്തുന്ന ചിത്രത്തിൽ നിരവധി അഭിനേതാക്കൾ പങ്കാളികളാകുന്നുണ്ട്. കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്.
Content Highlights: Kayadu Lohar talks about why she is not able to fluently speaking in malayalam and tamil in pallichattambi press meet