അടുത്ത 100 കോടിയിലേക്ക് ജയസൂര്യ, കൂടെ അനുഷ്കയും; വിഷ്വൽ മാജിക്! ഞെട്ടിച്ച് കത്തനാർ ട്രെയ്‌ലർ

നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

അടുത്ത 100 കോടിയിലേക്ക് ജയസൂര്യ, കൂടെ അനുഷ്കയും; വിഷ്വൽ മാജിക്! ഞെട്ടിച്ച് കത്തനാർ ട്രെയ്‌ലർ
dot image

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'കത്തനാര്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസര്‍ ട്രെയ്ലര്‍ പുറത്ത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആര്‍ രാമാനന്ദ്, റോജിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. മലയാള സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇന്ന് പുറത്തു വന്ന ടീസര്‍ ട്രെയ്ലര്‍ നല്‍കുന്നത്.

ഇന്ദ്രന്‍സ് നായകനായ, ദേശീയ പുരസ്‌കാരം നേടിയ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്‍. 'ഹോം' പുറത്ത് വന്ന് അഞ്ച് വര്‍ഷത്തിന് ശേഷം അതേ ക്രിയേറ്റീവ് ടീം തന്നെ ഒന്നിച്ച ഈ ചിത്രത്തില്‍, അവരുടെ 5 വര്‍ഷത്തെ പരിശ്രമത്തിന്റെ എല്ലാ മികവും കാണാന്‍ സാധിക്കുന്നുണ്ട്. ഇതിന് മുന്‍പ് സിനിമയുടെയും സീരിയലിലൂടെമൊക്കെ കടമറ്റത്തു കത്തനാര്‍ എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടതും കണ്ടതുമായ കഥകളില്‍ നിന്ന് വ്യത്യസ്തമായി, ഈ കഥാപാത്രത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചു കൊണ്ട്, ഒരു പുതിയ ആഖ്യാന ശൈലിയിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. നമ്മള്‍ കണ്ടു ശീലിച്ച ഒരു പീരീഡ് ഫാന്റസി ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ദൃശ്യ ഭാഷയില്‍ ഒരുക്കിയ ചിത്രം, ഒന്‍പതാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്.

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരത്തിനും, ഗംഭീരമായ വിഎഫ്എക്സിനുമൊപ്പം രാഹുല്‍ സുബ്രമണ്യന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ടീസര്‍ ട്രെയ്ലറിനെ അസാമാന്യമായ അനുഭവമാക്കി മാറ്റുന്നുണ്ട്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, മേക്കപ്പ്, കലാസംവിധാനം, ശബ്ദം എന്നിവയെല്ലാം നമ്മള്‍ ഇതുവരെ കണ്ടു ശീലിച്ച പീരീഡ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തോളം പല വിഭാഗങ്ങളിലായി അഞ്ഞൂറോളം പേര്‍ ദിനം പ്രതി അധ്വാനിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ ഈ നിലവാരത്തില്‍ ചിത്രം റിലീസിന് ഒരുങ്ങുന്നത് എന്നും സംവിധായകന്‍ റോജിന്‍ തോമസ് പറയുന്നു.

ഇത്ര വലിയ ചിത്രമൊരുക്കാന്‍ ശ്രീ ഗോകുലം ഗോപാലനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും കാണിച്ച ധൈര്യവും അവരുടെ വിഷനും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. 5 വര്‍ഷത്തോളം നീണ്ടും നിന്ന നിര്‍മ്മാണ പ്രക്രിയയെ പിന്തുണച്ച പ്രൊഡക്ഷന്‍ ടീമും, നാല് വര്‍ഷത്തോളം തന്റെ കരിയറില്‍ നിന്ന് ഈ ചിത്രത്തിനായി മാറ്റി വെച്ച നടന്‍ ജയസൂര്യയും ഉള്ളത് കൊണ്ടാണ് ചിത്രം ഇന്ന് കാണുന്ന നിലവാരത്തില്‍ ഒരുക്കാന്‍ സാധിച്ചത് എന്നും റോജിന്‍ തോമസ് കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ഓരോ വിഭാഗത്തിലും അതിന്റെ ഏറ്റവും മികച്ച ഔട്ട്പുട്ട് കൊണ്ട് വരാന്‍ ശ്രമിച്ചു കൊണ്ട് തന്നെയാണ് ചിത്രം ഒരുക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ നേരത്തെ പുറത്തു വന്ന ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സ് വീഡിയോയും നല്‍കിയത്. ആ പ്രതീക്ഷകളെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഈ ടീസര്‍ ട്രെയ്ലറും ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ വേഷം ചെയ്യുന്ന ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പര്‍ നായികാ താരം, അനുഷ്‌ക ഷെട്ടി, പ്രഭുദേവ, സനൂപ് സാന്‍, സാന്‍ഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമന്‍, ശ്രീകാന്ത് മുരളി, കുല്‍പ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.15 ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

ഛായാഗ്രഹണം- നീല്‍ ഡി കുഞ്ഞ, സംഗീതം- രാഹുല്‍ സുബ്രഹ്‌മണ്യന്‍ ഉണ്ണി, എഡിറ്റിംഗ്, വിഎഫ്എക്‌സ് ഡയറക്ടര്‍ - റോജിന്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - രാജീവന്‍, ആക്ഷന്‍ ഡിസൈന്‍ - റോജിന്‍ തോമസ്, ആക്ഷന്‍- ജംഗ്ജിന്‍ പാര്‍ക്ക്, കലൈ കിങ്‌സണ്‍, ഹെഡ് ഓഫ് ടെക്‌നോളജീസ് - സെന്തില്‍ നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനക്കല്‍, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സ് - ശാലം, ഗോപേഷ് ശരത്, മേക്കപ്പ്-റൊണക്‌സ് സേവ്യര്‍, വസ്ത്രങ്ങള്‍ - അനീഷ് തൊടുപുഴ, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, ഓഡിയോഗ്രഫി - അജിത് എ ജോര്‍ജ്, കളറിസ്റ്റ് - ലൂക്കാസ്, വിഎഫ്എക്‌സ് ആന്‍ഡ് ഡിഐ സ്റ്റുഡിയോ-പോയറ്റിക്, പിആര്‍ഒ - ശബരി, വാഴൂര്‍ ജോസ്.

Content Highlights: Jayasurya Rojin Thomas' film 'Kathanaar' teaser trailer released

dot image
To advertise here,contact us
dot image