

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് 3 ബോക്സ് ഓഫീസിൽ മിന്നും വിജയം നേടി മുന്നേറുകയാണ്. ചിത്രം ഏഴ് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം നേടിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു.
ചിത്രത്തിലെ സുൽത്താൻ എന്ന ഗാനവും വേദികയുടെ ഡാൻസും വളരെയധികം ശ്രദ്ധ നേടിയിരുന്നു. 102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരിക്കുമ്പോഴാണ് സുൽത്താൻ എന്ന ഗാനത്തിനായി ഡാൻസ് ചെയ്തതാണെന്നും ഗാനം പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും വേദിക റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ആട് 3 ഞാൻ കണ്ടു. ബോംബെയിൽ വെച്ചാണ് ഞാൻ സിനിമ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടമായി. ഷാജി പാപ്പനും ഡ്യൂഡുമാണ് എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ. സിനിമ ഇപ്പോൾ 100 കോടി കടന്നെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, ഷാൻ റഹ്മാൻ, അഖിൽ ജോർജ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്. ഗാനത്തിന്റെ ചിത്രീകരണത്തിനിടയിൽ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എനിക്ക് 102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരുന്നു. ഭാഗ്യവശാൽ, ആ സമയം എന്റെ പരമാവധി നൽകാൻ ദൈവം എനിക്ക് ശക്തി നൽകി,' വേദിക പറഞ്ഞു.
അതേസമയം, ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താൻ അവസാനിപ്പിക്കുകയാണെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".
Content Highlights: Actress Vedika has revealed that she performed a dance sequence for a song in Aadu 3 while suffering from a 102-degree fever. Highlighting her dedication to the project, Vedika said she pushed through the illness to complete the shoot. Her revelation has drawn attention to the physical demands actors often endure during film productions.