തിയേറ്ററിൽ എത്തും മുൻപ് ചെറിയൊരു സർപ്രൈസ്; ലോസ് ഏഞ്ചൽസ് ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി 'പേട്രിയറ്റ്'

ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്

തിയേറ്ററിൽ എത്തും മുൻപ് ചെറിയൊരു സർപ്രൈസ്; ലോസ് ഏഞ്ചൽസ് ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി 'പേട്രിയറ്റ്'
dot image

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് പേട്രിയറ്റ്. ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രമായി ആണ് പേട്രിയറ്റ് പ്രദർശിപ്പിക്കുക.

ഏപ്രിൽ 23 മുതൽ 26 വരെയാണ് മേള നടക്കുന്നത്. ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളുമാണ് ഉൾപ്പെടുത്തുക. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, ഫിലിപ്പീൻസ്, ജപ്പാൻ, ഫ്രാൻസ്, യുകെ, നെതർലൻഡ്‌സ്, ജർമനി, സൗദി അറേബ്യ, യു.എസ്.എ. എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ ഉണ്ടാവുക. ചിത്രത്തിൽ താൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത് എന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു. ഒരു ചടങ്ങിൽ വെച്ച് പ്രേക്ഷകരോട് സംസാരിക്കവെയാണ് ഫഹദ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ഒരുപാട് സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. 'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്.

വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നുതന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.

ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: 'Patriot' to open Los Angeles Film Festival, hitting theatres on april 23rd

dot image
To advertise here,contact us
dot image