

റിലീസ് ചെയ്ത് ആദ്യ 2 ദിനം കൊണ്ട് തന്നെ 48 കോടി രൂപക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് ആട് 3. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" ആഗോള ബോക്സ് ഓഫീസിൽ തരംഗമായി മാറുകയാണ്. മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ആദ്യ ദിനം 18 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു.
ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവ നേടിയ ആകെ കളക്ഷനേക്കാൾ കൂടുതൽ ആണ് ആട് 3 ആദ്യ 2 ദിവസം കൊണ്ട് നേടിയെടുത്തത്. പ്രേക്ഷകർ തന്ന ഈ വിജയവും സ്നേഹവും പിന്തുണയും ചിത്രത്തിൻ്റെ അവസാന ഭാഗം വൈകാതെ തന്നെ ആരംഭിക്കാനുള്ള പ്രചോദനമാണ് നൽകുന്നത് എന്ന് നിർമ്മാതാക്കൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".
ഇപ്പോഴും ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്. അഭൂതപൂർവമായ ജനപിന്തുണ ലഭിക്കുന്ന ചിത്രത്തിന് കേരളത്തിൽ കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കുന്നുണ്ട്. ദിവസേന മൂന്നൂറിൽ കൂടുതൽ എക്സ്ട്രാ രാത്രികാല ഷോകളാണ് ചിത്രത്തിന് വേണ്ടി കൂട്ടിച്ചേർക്കുന്നത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് സമ്മാനിക്കുന്നത്. ചിത്രം കാണാനായി കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ കുത്തൊഴുക്കാണ് കേരളത്തിലെ തീയേറ്ററുകളിൽ അനുഭവപ്പെടുന്നത്.
ആദ്യാവസാനം നിറയുന്ന ചിരിക്കൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റി. കേരളത്തിന് പുറത്തും മികച്ച ജനപിന്തുണ നേടുന്ന ചിത്രത്തിന് ഗൾഫ് മാർക്കറ്റിലും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഗൾഫിൽ നിന്ന് മാത്രം ഇതിനോടകം 20 കോടിക്ക് മുകളിൽ ആണ് ചിത്രം നേടിയ ഗ്രോസ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റിലും വമ്പൻ കുതിപ്പ് ആണ് ചിത്രം നടത്തുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം യുവാക്കൾക്കും കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരു പക്കാ അവധിക്കാല വിരുന്ന് ആണ് തീയേറ്ററുകളിൽ ഒരുക്കിയിരിക്കുന്നത്.

പാട്ടും നൃത്തവും ചിരിയും ആക്ഷനും ഫാന്റസിയും എല്ലാം കോർത്തിണക്കി വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Aadu 3 crossed 48 crores worldwide in just two days