'കണ്ണിൽ നോക്കരുത്, അകലം പാലിക്കണം', കാവേരി പറഞ്ഞ അല്ലുവിന്റെ 42 നിബന്ധനകൾ ശരിയോ?; വൈറലായി നടന്റെ വീഡിയോ

തിയേറ്ററിന്റെ ഉദ്ഘാനത്തിനായി ഭാര്യയോടൊപ്പം അല്ലു അർജുൻ എത്തുന്ന വീഡിയോ ആണ് കാവേരിയുടെ വെളിപ്പെടുത്തലുകളെ ശരിവക്കുന്നത്

'കണ്ണിൽ നോക്കരുത്, അകലം പാലിക്കണം', കാവേരി പറഞ്ഞ അല്ലുവിന്റെ 42 നിബന്ധനകൾ ശരിയോ?; വൈറലായി നടന്റെ വീഡിയോ
dot image

നടൻ അല്ലു അർജുനെക്കുറിച്ച് ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്നായിരുന്നു കാവേരിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ വലിയ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. നടനെ അനുകൂലിച്ച് നിരവധി നടൻമാർ ഉൾപ്പെടെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ കാവേരിയുടെ ആരോപണങ്ങൾ സത്യമാണോ എന്ന ചോദ്യം ഉയർത്തുകയാണ് സിനിമാപ്രേമികൾ. നടന്റെ ഒരു വീഡിയോയെ മുൻനിർത്തിയാണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്.

അല്ലു അർജുന്റെ പുതിയ സംരംഭമാണ് 'അല്ലു സിനിമാസ്' എന്ന തിയേറ്റര്‍ കോംപ്ലക്‌സ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡോള്‍ബി സിനിമാ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള തിയേറ്റര്‍ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. തിയേറ്ററിന്റെ ഉദ്ഘാനത്തിനായി ഭാര്യയോടൊപ്പം അല്ലു അർജുൻ എത്തുന്ന വീഡിയോ ആണ് കാവേരിയുടെ വെളിപ്പെടുത്തലുകളെ ശരിവക്കുന്നത്. ഭാര്യക്കൊപ്പം നടന്നു വരുന്ന അല്ലുവിന് കുറച്ചധികം അകലെ ആയിട്ടാണ് മറ്റുള്ളവർ നടന്നുവരുന്നത്. ഒപ്പം നടന്റെ സുരക്ഷയ്ക്കായി എത്തിയ ബോഡിഗാർഡുകളും ഇരുവശങ്ങളിലുമായി അല്പം ഗ്യാപ് ഇട്ടാണ് നടക്കുന്നത്. വീഡിയോയിൽ അല്ലു തന്റെ പുറകിൽ വരുന്ന ഒരാളെ നോക്കുമ്പോൾ അയാൾ കുറച്ച് പിന്നിലേക്ക് മാറി നടക്കുന്നതും കാണാം. ഇതോടെയാണ് കാവേരിയുടെ വാക്കുകൾ ശരിയാണ് എന്ന സംശയങ്ങൾ പലരും എക്സിലൂടെ കുറിക്കുന്നത്.

ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ആയിരുന്നു അല്ലു അർജുനെക്കുറിച്ച് കാവേരി ബറുവ മനസുതുറന്നത്‌. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്. ‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ പോഡ്‌കാസ്റ്റിലൂടെ ആരോപിച്ചു. പിന്നാലെ നടന്റെ ടീം കാവേരിക്കെതിരെ നിയമനടപടി സ്വീകരിച്ചിരിരുന്നു.

പിന്നീട് തന്റെ പരാമർശത്തിൽ കാവേരി മാപ്പ് പറഞ്ഞിരുന്നു. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്നും യാതൊരു രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല അത് പറഞ്ഞതെന്നും കാവേരി വ്യക്തമാക്കി. തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിലും താരത്തിന് മാനഹാനി ഉണ്ടായതിലും അവർ ഖേദം പ്രകടിപ്പിച്ചു.

Content Highlights: Kaveri's allegations against Allu arjun for his 42 rules are true?, actor's new video goes viral

dot image
To advertise here,contact us
dot image