

രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. ഗ്യാസ് വിലയിലെ വർദ്ധനവും ലഭ്യതക്കുറവും കാരണം രാജ്യത്തെ ആയിരക്കണക്കിന് ഹോട്ടലുകളും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് നടി മീനാക്ഷി. ഒരു ഗ്യാസ് കുറ്റിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മീനാക്ഷി പോസ്റ്റ് പങ്കുവെച്ചത്.
'ഗ്യാസ് ' പോയത് നമ്മടെയാ.. യുദ്ധം പശ്ചിമേഷ്യേലാണേലും… (യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ല….)' എന്നാണ് മീനാക്ഷിയുടെ പോസ്റ്റ്. പശ്ചിമേഷ്യയിൽ സംഘർഷം 14-ാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ എണ്ണ, എൽപിജി പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയിട്ടുണ്ട്. സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമായത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി കേന്ദ്രം ഉയര്‍ത്തിയിരുന്നു. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമാണ്. രാജ്യത്തെ എൽപിജി പ്രതിസന്ധിയിൽ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തെ മറികടക്കാൻ കൃത്യമായൊരു മാർഗം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആളുകൾ തിരക്ക് കൂട്ടി സിലിണ്ടർ ബുക്ക് ചെയ്യുന്നത് തെറ്റിദ്ധാരണയും വ്യാജ വിവരങ്ങളും മൂലമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
ഇന്ത്യയുടെ ആഭ്യന്തര എൽപിജി ഉത്പാദനം 25% വർധിപ്പിക്കാൻ നിർദേശം നൽകിയതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ എൽപിജി പ്രതിസന്ധി വിവിധ മേഖലകളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. കേരളത്തിലടക്കം ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സ്ഥിതിയാണ്. മെനുവിലടക്കം ഹോട്ടലുകൾ മാറ്റം വരുത്തി.
പാചക വാതക പ്രതിസന്ധിയെന്ന നിലയിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ വീണ്ടും ആവർത്തിച്ച് പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദേശം നൽകി. ദൗർലഭ്യം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകളിൽ കഴിഞ്ഞ ദിവസം ആളുകൾ പരിഭ്രാന്തരായ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർ റിപ്പോർട്ടുകളിൽ ഈ ദൃശ്യങ്ങൾ ആവർത്തിക്കരുതെന്നും ഇവ പരിഭ്രാന്തി സൃഷ്ടിക്കുമെന്നുമാണ് നിർദേശം. സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരും ഇത് ശ്രദ്ധിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
Content Highlights: Meenakshi's post about the The cooking gas crisis worsening in the country