

ലക്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്ത് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യുപി വോട്ടര്‍ പട്ടികയില്‍ നിന്നും മുസ്‌ലിങ്ങൾ, യാദവര്‍, എസ് പി അനുഭാവികള്‍ എന്നിവരെ തിരഞ്ഞ് പിടിച്ച് നീക്കം ചെയ്തുവെന്ന് അഖിലേഷ് ആരോപിച്ചു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്‌നൗവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷ് യാദവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭരണപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഖിലേഷ് ഉയര്‍ത്തിയത്. ഭരണഘടന സ്ഥാപനമെന്ന നിലയില്‍ വിശ്വാസ്യത നിലനിര്‍ത്തുന്നതാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തത്തേയും അദ്ദേഹം ചോദ്യം ചെയ്തു.
' തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി ശരിയായ തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍, തങ്ങള്‍ ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തേണ്ടി വരില്ലായിരുന്നു. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സ്വന്തം വിശ്വാസ്യത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്.'- അഖിലേഷ് ആരോപിച്ചു.
മുമ്പ് എക്‌സ് പോസ്റ്റിലൂടെ ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ രൂക്ഷമായ ഭാഷയില്‍ അഖിലേഷ് പ്രതികരിച്ചിരുന്നു. ബിജെപിയും ഇലക്ഷന്‍ കമ്മീഷനും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ചേര്‍ന്നാണ് വോട്ടര്‍പട്ടിക തട്ടിപ്പ് നടത്തിയതെന്നാണ് അഖിലേഷിന്റെ ആരോപണം. കള്ള വോട്ടുകളെ പ്രോത്സാഹിപ്പിച്ചും പ്രതിപക്ഷത്തുള്ളവരുടെ വോട്ട് ചെയ്യുന്നത് തടസപ്പെടുത്തിയുമാണ് തെരഞ്ഞെടുപ്പ് ഫലത്തെ ബിജെപി അട്ടിമറിക്കുന്നതെന്നും എക്‌സ് പോസ്റ്റില്‍ അഖിലേഷ് ആരോപിച്ചിരുന്നു.
Content Highlights: Samajwadi Party leader Akhilesh Yadav alleged that Muslims, Yadavas and Samajwadi Party supporters were selectively removed from voter lists