എന്റെ നാളെയെ…. പ്രേമലീലയെ…; വേടനും നവമി ലതയും വിവാഹിതരായി

. മുളങ്കുന്നത്തത്തുകാവിലെ വേടന്റെ വീട്ടിൽ വെച്ചാണ് വിവാഹം നടന്നത്.

എന്റെ നാളെയെ…. പ്രേമലീലയെ…; വേടനും നവമി ലതയും വിവാഹിതരായി
dot image

തൃശൂർ: റാപ്പർ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. മുളങ്കുന്നത്തത്തുകാവിലെ വേടന്റെ വീട്ടിൽ വെച്ചാണ് വിവാഹം നടന്നത്. സബ് രജിസ്ട്രാർ വേടന്റെ വീട്ടിലെത്തുകയായിരുന്നു. ഭരണഘടനയെ സാക്ഷി നിർത്തി ഏറ്റവും ലളിതമായാണ് വിവാഹം നടത്താൻ ആഗ്രഹിക്കുന്നത് എന്ന് വേടനും നവമിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. തന്റെ വളർച്ചയിൽ എന്നും ഒപ്പമുണ്ടായിരുന്ന ശ്രോതാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട് വേടന്‍ നവമിക്കൊപ്പം കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ പ്രണയിത്തിനൊടുവിലാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നും ഇരുവരും ഈ വീഡിയോയിൽ പറഞ്ഞിരുന്നു.

ഇവരുടെ വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. 'സ്‌നേഹിതരെ, ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങൾ കൂടെ ഉണ്ടാകണം', എന്നാണ് കത്തിലെ വാചകങ്ങൾ. വളരെ ലളിതമായ രീതിയിലായിരുന്നു ഈ കത്ത്.

കഴിഞ്ഞ ദിവസം നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ വെച്ചാണ് വേടൻ വിവാഹ വാർത്ത പങ്കുവെച്ചത്. ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനായി വേടൻ എത്തിയിരുന്നു. വേദിയിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് അഭിനന്ദിച്ചിരുന്നു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെ എം വി ഗോവിന്ദനാണ് ആദ്യം വിവാഹക്കാര്യം പൊതുവേദിയിൽ വെച്ച് പറയുന്നത്.

ഹിരൺദാസ് മുരളി എന്ന വേടൻ 2020ൽ പുറത്തിറങ്ങിയ 'വോയ്സ് ഓഫ് ദ വോയ്സ്ലെസ്' എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സമൂഹത്തിൽ ദളിതരടക്കമുള്ള പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളെയും അതിനെതിരെ അവർ നടത്തുന്ന പോരാട്ടങ്ങളെയും കുറിച്ചുള്ള വരികളാണ് വേടന്റെ റാപ്പുകളെ ജനപ്രിയമാക്കിയത്. ഭൂമി ഞാൻ വാഴുന്നിടം, സോഷ്യൽ ക്രിമിനൽ, ബുദ്ധനായി പിറ, മോണ ലോവ തുടങ്ങിയ ഇൻഡീ ഗാനങ്ങൾ തുടർന്നുള്ള വർഷങ്ങളിൽ വലിയ ഹിറ്റുകളായി മാറി.

ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പുറത്തിറങ്ങിയ എണ്ണക്കറുപ്പി എന്ന ഗാനവും പ്ലേലിസ്റ്റിൽ ഇടംനേടുന്നുണ്ട്. ഇതിനൊപ്പം മലയാള സിനിമയിലും വേടന്റെ സ്വതന്ത്രഗാനങ്ങളും പിന്നണിഗാനങ്ങളും ഇടം കണ്ടെത്തി. മഞ്ഞുമ്മൽ ബോയ്സിലെ സുഷിൻ ശ്യാം സംഗീതം നൽകി വേടൻ വരികൾ എഴുതി ആലപിച്ച കുതന്ത്രം എന്ന ഗാനം ആരാധകശ്രദ്ധയോടൊപ്പം പുരസ്‌കാരങ്ങളും സ്വന്തമാക്കി. മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡാണ് വേടൻ കുതന്ത്രത്തിലൂടെ നേടിയത്.

Content Highlights : Rapper Vedan married Writer Navami Latha. Register marriage took place at Vedan's house at Thrissur

dot image
To advertise here,contact us
dot image