

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ഷംസു സൈബയെ അറസ്റ്റ് ചെയ്തിരുന്നു. നിർമാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷംസു സൈബ. മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് തന്നെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസുകാർക്ക് ആരുടെയോ പ്രഷർ ഉണ്ടായിരുന്നു എന്ന് ഷംസു സൈബ പറയുന്നു. സിനിമയുടെ തിയേറ്റർ റിലീസും ഒടിടി റിലീസും സാറ്റലൈറ്റിന് വേണ്ടിയുള്ള എല്ലാ ഹാർഡ് ഡിസ്കുകളും താൻ നിർമാതാവിന് കൈമാറിയിരുന്നു. നാളെ അഭിലാഷം എന്ന സിനിമ അറിയപ്പെടേണ്ടത് ഇങ്ങനെ ഒരു പരാതിയുടെ പേരിലാകരുത് എന്നും ഷംസു സൈബ മാധ്യമങ്ങളോട് പ്രതികരിച്ചു.
'രണ്ട് ദിവസം മുൻപാണ് എന്നെ സ്റ്റേഷനിൽ നിന്ന് വിളിക്കുന്നത്. ആ സമയത്ത് ഞാൻ ഒരു ഷൂട്ടിനായി പോകുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു വന്നു ഫ്ലാറ്റിൽ കിടന്ന് ഉറങ്ങുമ്പോഴാണ് പൊലീസുകാർ ലോക്ക് പൊളിച്ച് എന്നെ അറസ്റ്റ് ചെയ്യുന്നത്. പൊലീസുകാർ എന്നാൽ നല്ല സമീപനം ആയിരുന്നു എന്നോട്. മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് എന്നെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസുകാർക്ക് ആരുടെയോ പ്രഷർ ഉണ്ടായിരുന്നു. സിനിമയുടെ തിയേറ്റർ റിലീസും ഒടിടി റിലീസും സാറ്റലൈറ്റിന് വേണ്ടിയുള്ള എല്ലാ ഹാർഡ് ഡിസ്കുകളും ഞാൻ നിർമാതാവിന് കൈമാറിയിരുന്നു. സിനിമയുടെ എല്ലാ വർക്കും കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം.
ആമസോൺ പ്രൈമിന് കൈമാറാനുള്ള ഫയൽ അടക്കം ഞാൻ നിർമാതാവിന് കൈമാറിയിരുന്നു. എനിക്ക് ഈ സിനിമയുടെ പൂർണമായ പ്രതിഫലം കിട്ടിയിട്ടില്ല. ഒപ്പം പതിനഞ്ചോളം ടെക്‌നിഷ്യൻസിനും പേയ്മെന്റ് കിട്ടിയിട്ടില്ല. നാളെ അഭിലാഷം എന്ന സിനിമ അറിയപ്പെടേണ്ടത് ഇങ്ങനെ ഒരു പരാതിയുടെ പേരിലാകരുത്. ചിത്രീകരണത്തിന്റെ ഒന്നാമത്തെ ദിവസം നിന്നുപോകേണ്ട ഒരു സിനിമ ആയിരുന്നു ഇത്. അങ്ങനെ ഒരു പ്രശ്നം അവിടെ ഉണ്ടായി. അതിലേക്ക് ഞാൻ ഇപ്പോൾ കടക്കുന്നില്ല. ഇതൊരു നഷ്ടം വന്ന സിനിമയാണ് എന്ന് വരുത്തിത്തീർക്കാൻ അവർക്ക് ആഗ്രഹം ഉണ്ടാകാം', സംവിധായകന്റെ വാക്കുകൾ.

കരാറിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് നിർമാതാവ് നൽകിയിരിക്കുന്ന പരാതി. സിനിമാ ചിത്രീകരണത്തിനിടയിൽ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിലുണ്ട്. ഷംസുവിനെ കൂടാതെ അഭിലാഷം സിനിമയിൽ പ്രവർത്തിച്ച അഞ്ചുപേർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. നിലവിൽ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടില്ല.
Content Highlights: Someone pressured the police to arrest me before I got anticipatory bail says Director Shamsu Saiba