വിവാദങ്ങൾ ഏറെ വേദന ഉണ്ടാക്കിയിട്ടുണ്ട്, എന്നാൽ എന്നെ അതിലും വേദനിപ്പിച്ചത് ആ മരണമാണ്: റാപ്പർ വേടൻ

'രണ്ട് ദിവസം അതെന്റെ ഉറക്കം കെടുത്തി. ഇപ്പോള്‍ ആലോചിക്കുമ്പോഴും ഒരു വേദനയാണ്'

വിവാദങ്ങൾ ഏറെ വേദന ഉണ്ടാക്കിയിട്ടുണ്ട്, എന്നാൽ എന്നെ അതിലും വേദനിപ്പിച്ചത് ആ മരണമാണ്: റാപ്പർ വേടൻ
dot image

തന്റെ പേരിൽ ഉയർന്ന വിവാദങ്ങളിൽ ഏറ്റവും വേദനിപ്പിച്ചത് എന്താണ് എന്ന ചോദ്യത്തിന് മറുപടിയുമായി റാപ്പർ വേടൻ. തെറ്റിദ്ധരിക്കപ്പെടുമ്പോഴുള്ള വേദന എല്ലാവര്‍ക്കും എന്നത് പോലെ തനിക്കും വേദന ഉണ്ടാക്കാറുണ്ടെന്നും അത് മാറ്റി നിര്‍ത്തിയാല്‍ തന്റെ ഷോയ്ക്ക് വരുന്നവരുടെ ജീവന്‍ പൊലിയുന്ന സംഭവം ഏറ്റവും വേദനയുള്ള ഒന്നാണെന്ന് വേടൻ പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വേടൻ മനസുതുറന്നത്‌.

'കഴിഞ്ഞ ദിവസം കാസര്‍കോഡ് ഒരു പരിപാടിയ്ക്ക് പോയി. പരിപാടി കാണാന്‍ ആയി വന്ന ഒരു മോന്‍ ട്രെയിന്‍ തട്ടി മരിച്ചു. പരിപാടി നടക്കുന്നതിന്റെ എത്രയോ ദൂരെ സംഭവിച്ച ഒന്നാണ്. പക്ഷേ അവന്‍ വന്നത് എന്റെ പരിപാടിക്കായിരുന്നു. പത്തൊന്‍പത് വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. ആ വിവരം അറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഒരു ഉത്തരവാദിത്വം എന്ന നിലയിലാണ് ആ കുട്ടിയുടെ മാമനെ വിളിച്ച് സംസാരിച്ചത്. ഒറ്റമോനായിരുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. രണ്ട് ദിവസം അതെന്റെ ഉറക്കം കെടുത്തി. ഇപ്പോള്‍ ആലോചിക്കുമ്പോഴും ഒരു വേദനയാണ്. ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ് അങ്ങനെ ജീവന്‍ നഷ്ടപ്പെടുന്നത്. എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല, മറക്കുക എന്നല്ലാതെ', വേടന്റെ വാക്കുകൾ.

ഒപ്പം ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും വേടൻ മനസുതുറന്നു. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ച വേദിയില്‍ അച്ഛനെ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ സന്തോഷമായിരുന്നു തന്റെ ഏറ്റവും വലിയ സന്തോഷമെന്നും വേടൻ കൂട്ടിച്ചേർത്തു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ആണ് വേടന് ലഭിച്ചത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അവാർഡ് കിട്ടാൻ ഒരേയൊരു കാരണക്കാരൻ തന്റെ അപ്പൻ ആണെന്നും വേടൻ പറഞ്ഞു. തന്റെ അച്ഛനെ വേദിയിലേക്ക് ക്ഷണിക്കാനും വേടൻ മറന്നില്ല.

rapper vedan

'ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു ഇൻഡിപെൻഡന്റ് കലാകാരന് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷം. ഈ അവാർഡ് എനിക്ക് കിട്ടാൻ ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ മാത്രമായിരിക്കും. സ്വന്തം ആരോഗ്യവും ഇഷ്ടമൊക്കെ മാറ്റിവെച്ചിട്ട് എന്നെ വളർത്താനായി ഒരുപാട് പണിയെടുത്ത ആളാണ് അദ്ദേഹം. എന്റെ അപ്പനെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടും പുതിയ വസ്ത്രവും ഒക്കെ ധരിച്ച് ഞാൻ കാണുന്നത്', എന്നായിരുന്നു അന്ന് വേടന്റെ വാക്കുകൾ.

Content Highlights: Rapper Vedan talks about the most painful incident he faced

dot image
To advertise here,contact us
dot image