കടം തീർക്കാൻ സഹായിച്ചത് 'ലിയോ', ധ്രുവനച്ചത്തിരം സെൻസറിങ് പൂർത്തിയായെന്ന് ഗൗതം വാസുദേവ് മേനോൻ

സാമ്പത്തിക ബുദ്ധിമുട്ടുകളിൽ തന്നെ വിജയ് നായകനായ ലോകേഷ് ചിത്രം ലിയോ സഹായിച്ചുവെന്നും ഗൗതം പറഞ്ഞു

കടം തീർക്കാൻ സഹായിച്ചത് 'ലിയോ', ധ്രുവനച്ചത്തിരം സെൻസറിങ് പൂർത്തിയായെന്ന് ഗൗതം വാസുദേവ് മേനോൻ
dot image

ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ സെൻസറിങ് പൂർത്തിയായിയെന്ന് പറയുകയാണ് ഗൗതം വാസുദേവ് മേനോൻ. സിനിമ കാരണം ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ തന്നെ വിജയ് നായകനായ ലോകേഷ് ചിത്രം ലിയോ സഹായിച്ചുവെന്നും ഗൗതം പറഞ്ഞു.

'ധ്രുവനച്ചത്തിരത്തിന്റെ റിലീസിനെ പിന്തുണച്ച് ആരും മുന്നോട്ട് വന്നില്ല, അതിനാൽ ഞാൻ സിനിമകളിൽ അഭിനയിക്കാൻ തീരുമാനിച്ചു. എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ലിയോ വലിയ പങ്കുവഹിച്ചു. ഇപ്പോൾ, ധ്രുവ നച്ചത്തിറത്തിന്‍റെ സെൻസറിങ് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഒരു ചെറിയ പ്രശ്നം മാത്രമേ ബാക്കിയുള്ളൂ, അത് ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും,' ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

ചിത്രം മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിനിമയുടെ റീലീസ് സംബന്ധിച്ചിട്ടുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഇതിൽ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. സിനിമയെച്ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ എല്ലാം അവസാനിച്ചെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞിരുന്നു.

ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.

അതേസമയം, മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് തിയേറ്ററിൽ വിജയിക്കാനായില്ല. എന്നാൽ ചിത്രത്തിന് ഒടിടിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തില്‍, ഇവര്‍ക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Content Highlights: Gautham Vasudev Menon confirms completion of Dhruvanachathiram’s censoring. Film is now cleared for release. Fans eagerly await the movie following the announcement.

dot image
To advertise here,contact us
dot image