

ടെലിവിഷൻ സീരിയൽ രംഗത്തെ അഭിനേതാക്കളും യഥാർത്ഥ ജീവിത്തതിൽ പങ്കാളികളുമാണ് മനുവർമയും സിന്ധുവും. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ ഒരുമിച്ചല്ലെന്ന് അടുത്തിടെ മനു വർമ തന്നെ തുറഞ്ഞു പറഞ്ഞിരുന്നു. ഇപ്പോഴിതാ സിന്ധുവും ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ്. തന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ മകളുടെ ആരോഗ്യ കാര്യത്തിൽ ആണെന്നും സിന്ധു പറഞ്ഞു. സുമി റാഷിക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇപ്പോൾ അത് എല്ലാവർക്കും അറിയാം, അദ്ദേഹം തന്നെ അത് തുറന്നു പറഞ്ഞിട്ടുണ്ട്. എന്റെ മകൻ ഇപ്പോൾ ബെംഗളൂർ എയർപോർട്ടിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. മകൻ ഒരു നിലയിലായതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇനി എന്റെ അടുത്ത ലക്ഷ്യം മകളുടെ കാര്യമാണ്. ശരിയായ ചികിത്സ നൽകിയാൽ അവൾ സുഖപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അവൾക്ക് ‘ഹൈഡ്രോസെഫാലസ്’ എന്ന അവസ്ഥയായിരുന്നു. അത് മാനസിക വൈകല്യമല്ല. അദ്ഭുതങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
വീട്ടിലുള്ളപ്പോൾ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്. അല്ലാത്ത സമയങ്ങളിൽ അമ്മയുണ്ടാകും, അല്ലെങ്കിൽ ജോലിക്കാരിയുണ്ടാകും. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള എല്ലാ ചികിത്സകളും എന്നെക്കൊണ്ട് പറ്റുന്നപോലെ നൽകുന്നുണ്ട്. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്. എന്തൊക്കെ സങ്കടങ്ങൾ ഉണ്ടെങ്കിലും സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. ജീവിതത്തിൽ ഏറ്റക്കുറച്ചിലുകൾ എപ്പോഴും വന്നുകൊണ്ടിരിക്കും,' സിന്ധു വർമ പറഞ്ഞു.
Content Highlights: Malayalam television actor Manu Varma has revealed his separation from wife Sindhu Varma after 25 years of marriage