

തെലുങ്ക് സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് നടൻ ചിരഞ്ജീവി. തെലുങ്ക് സിനിമാ ഇൻഡസ്ട്രി വളരെ പോസിറ്റീവും പ്രൊഫഷണലുമായ ഇടമാണെന്നും സ്വന്തം കഴിവിൽ വിശ്വാസവും അർപ്പണവുമുള്ളവർക്ക് ടോളിവുഡ് അവസരങ്ങൾ നൽകാറുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ മന ശങ്കര വര പ്രസാദ് ഗാരുവിന്റെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
'തെലുങ്കിൽ കാസ്റ്റിങ് കൗച്ച് സംസ്‌കാരമില്ല. അത് വ്യക്തികൾക്കനുസരിച്ചിരിക്കും. സിനിമാ മേഖല കണ്ണാടിപോലെയാണ്. നിങ്ങളെന്താണോ അത് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുക. ഏതുമേഖലയിലും അനിഷ്ടകരമായ സാഹചര്യങ്ങളുണ്ടാകാം. വ്യക്തിപരമായ അതിരുകളും കരിയറിലെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയും വേണം. ധാർമികതയിലും ലക്ഷ്യത്തിലും ഉറച്ചുനിൽക്കുന്ന കലാകാരന്മാർ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. മുഴുവൻ വ്യവസായത്തിനാകെ ഒരുനിറം നൽകാൻ ശ്രമിക്കരുത്', ചിരഞ്ജീവിയുടെ വാക്കുകൾ.

ഒരിടവേളക്ക് ശേഷം പുറത്തിറങ്ങുന്ന ചിരഞ്ജീവിയുടെ കോമഡി ഴോണർ ചിത്രം ആണ് മന ശങ്കര വര പ്രസാദ് ഗാരു. വലിയ പ്രതീക്ഷയോടെ തിയേറ്റററിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ എല്ലാം തകർക്കുന്ന കാഴ്ച്ചയാണുണ്ടാകുന്നത്. ചിത്രത്തിൽ അഭിനയിക്കാനായി 65 കോടിയാണ് നടൻ കൈപ്പറ്റിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 300 കോടിയിലേക്ക് കുതിക്കുകയാണ്. ചിരഞ്ജീവിയുടെ കംബാക്ക് ആണ് ചിത്രമെന്നും വളരെകാലത്തിന് ശേഷം നടനെ പക്കാ എനർജിയിൽ കാണാനായി എന്നുമാണ് അഭിപ്രായങ്ങൾ. അനിൽ രവിപുടി പതിവ് പോലെ ഹ്യൂമറും ഫാമിലി ഇമോഷനും കൊണ്ട് സിനിമ വിജയിപ്പിച്ചു എന്നും ചിരഞ്ജീവി കലക്കിയെന്നുമാണ് മറ്റൊരു കമന്റ്.
നയന്‍താര നായികയാവുന്ന ചിത്രത്തില്‍ കാതറിന്‍ ട്രെസയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ആദ്യ ഗാനം, മീശല പിള്ള യുട്യൂബില്‍ തരംഗം തീര്‍ത്തിരുന്നു. ഷൈന്‍ സ്ക്രീന്‍സ്, ഗോള്‍ഡ് ബോക്സ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ സാഹു ഗരപതി, സുഷ്മിത കോനിഡെല എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights: Chiranjeevi says there is no casting couch in telugu cinema industry