

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി റീമേക്കിനെപ്പറ്റിയും സിനിമയ്ക്ക് ലഭിച്ച ഡീലിനെപ്പറ്റിയും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയാണ് ജീത്തു ജോസഫ്.
'ഏപ്രിൽ രണ്ടിനാണ് മലയാളം ദൃശ്യം 3 പുറത്തിറങ്ങുന്നത് ഹിന്ദി പതിപ്പ് പുറത്തിറങ്ങുന്നത് ഓഗസ്റ്റ് രണ്ടിനാണ്. ഹിന്ദി പതിപ്പ് ചെയ്തു വന്ന രീതി മലയാളത്തിൽ നിന്നും വ്യത്യസ്തമാണ്. അവിടത്തെ പ്രേക്ഷകരുടെ ടേസ്റ്റും ഇവിടത്തെ പ്രേക്ഷകരുടെ ടേസ്റ്റും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലുമെല്ലാം അവർ മാറ്റങ്ങൾ വരുത്തിയിരുന്നു. ആദ്യം അവർ മൂന്നാം ഭാഗം ഒന്നിച്ച് പുറത്തിറക്കണമെന്ന് പറഞ്ഞപ്പോൾ അതിന്റെ പ്രാക്ടിക്കൽ പ്രശ്നങ്ങൾ ഞങ്ങൾ പറഞ്ഞു കൊടുത്തു. മൂന്നാം ഭാഗത്തിന്റെ ഹിന്ദി പതിപ്പിലും അവർ അവരുടേതായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. മലയാളം വേർഷൻ ഷൂട്ട് തുടങ്ങും മുൻപ് സിനിമയുടെ തിയേറ്ററിക്കൽ റൈറ്റ്സ് മുഴുവൻ അവർ വാങ്ങി. ആന്റണിയെ ഞെട്ടിക്കുന്ന ഓഫർ വന്നു. ഞാൻ പറഞ്ഞു ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല തീർച്ചയായും ചെയ്യണം എന്ന്', ജീത്തുവിന്റെ വാക്കുകൾ.
ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നേരത്തെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിലെത്തേണ്ടിയിരുന്ന അക്ഷയ് ഖന്ന പിന്മാറിയത് വലിയ വിവാദമായിരുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
Content Highlights: Jeethu joseph talks about the massive deal by panorama studios for Drishyam hindi rights