

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂരില്‍ തേനീച്ച കുത്തേറ്റ് പത്തോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മുടപ്പല്ലൂര്‍ കുറുപ്പത്തറ കളരിക്കല്‍ സതീഷ്(38), ഭാര്യ സുകന്യ(32), രവി എന്നിവര്‍ക്കും മറ്റ് ഏഴ് പേര്‍ക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതീഷിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കൂട്ടത്തോടെ വന്ന തേനീച്ചകള്‍ പ്രദേശത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്തെ ഭൂരിഭാഗം ആളുകളും വീടടച്ച് അകത്തിരിക്കുകയായിരുന്നു. വനം വകുപ്പിനെ വിവരമറിയിച്ചതോടെ അവരെത്തി പരിശോധന നടത്തിയിരുന്നു. രാത്രിയോടെയാണ് തേനീച്ചകളുടെ കൂട് കണ്ടെത്തിയത്. ഇത് നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
Content Highlight; Bee Attack in Vadakkanchery, Palakkad Leaves 10 Injured, One Critically Hurt