

ദുബായ്: ഇടതുപക്ഷത്തേക്കെന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് ശശി തരൂര്‍ എംപി. വിവാദം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. വിദേശത്ത് രാഷ്ട്രീയ പ്രതികരണം നടത്തുന്നത് ശരിയല്ലെന്നും ശശി തരൂര്‍ ദുബായില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂരിനെ ഇടതുപാളയത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാണെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടെയാണ് തരൂര്‍ ദുബായില്‍ എത്തിയത്. വൈകുന്നേരത്തോടെ എമിറേറ്റ്സ് ലിറ്ററേറ്റല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ അതിഥിയായി അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
ഇടതുപക്ഷവുമായി അടുപ്പമുളള ദൂബായിലെ ഒരു വ്യവസായിയുമായി തരൂര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും സജീവമാണ്. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ നിക്ഷേധിക്കാതെയും സ്ഥിരീകരിക്കാതെയുമായിരുന്നു തരൂരിന്റെ പ്രതികരണം. ഇത്തരം വിവാദങ്ങള്‍ തന്റെ ശ്രദ്ധയില്‍പെട്ടുവെന്നും തല്‍ക്കാലം അതിനോട് പ്രതികരിക്കാനില്ലെന്നുമാണ് തരൂരിന്റെ നിലപാട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ രാഹുല്‍ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഡല്‍ഹിയിലെ യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് ഹൈക്കമാന്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തത് കെഎല്‍എഫില്‍ പങ്കെടുക്കേണ്ടതിനാലാണെന്നായിരുന്നു ശശി തരൂരിന്റെ വിശദീകരണം.നേരത്തെ അവിടെ പങ്കെടുക്കാമെന്ന് വാക്ക് നല്‍കിയിരുന്നു. അത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പറയാനുള്ളത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ തോന്നലാണ് എന്ന് രാഹുല്‍ ഗാന്ധി എന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ അറിയിച്ചെന്ന് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അവഗണന ഉണ്ടായിട്ടില്ല. നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തരൂരിന്റെ പേര് വിട്ടുപോയതെന്നും രാഹുല്‍ വിശദീകരിച്ചു. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് ശശി തരൂര്‍ ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹങ്ങള്‍ വരുന്നത്.
Content Highlights: shashi tharoor says no comment on joining left front