

ഹരിയാനയിലെ കര്‍നലില്‍ വെച്ച് നടന്ന ഒരു കല്യാണ ചടങ്ങിൽ ഡാൻസ് ചെയ്യാനെത്തിയ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് നടി മൗനി റോയ്. മുത്തച്ഛനാകാൻ പ്രായമുള്ള രണ്ട് വ്യക്തികളിൽ നിന്നും മോശം അനുഭവം നേരിട്ടു എന്ന് നടി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്റ്റേജിൽ ഡാൻസ് ചെയ്യവേ തന്റെ മുന്നിൽ നിന്ന് അവർ മോശം ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും എന്നാൽ സംഘാടകർ ഇതിൽ പ്രതികരിച്ചില്ല എന്നും മൗനി റോയ് പറയുന്നു.

'കഴിഞ്ഞ ദിവസം കര്‍നലില്‍ പരിപാടിയുണ്ടായിരുന്നു. വളരെ മോശം രീതിയിലാണ് അതിഥികള്‍ പെരുമാറിയത്. പ്രത്യേകിച്ചും എന്റെ മുത്തച്ഛനാകാന്‍ പ്രായമുള്ള രണ്ട് അമ്മാവന്മാരില്‍ നിന്നും. പരിപാടി തുടങ്ങിയപ്പോള്‍ ഞാന്‍ സ്‌റ്റേജിലേക്ക് നടക്കുന്നതിനിടെ അമ്മാവന്മാരും കുടുംബാംഗങ്ങളും എന്റെ അടുത്ത് വരുകയും അരക്കെട്ടിലൂടെ കയ്യിട്ട് ഫോട്ടോയെടുക്കുകയും ചെയ്തു. ഞാൻ എതിര്‍ത്തപ്പോള്‍ അവര്‍ക്കത് ഉള്‍ക്കൊള്ളാനായില്ല. സാര്‍ ദയവ് ചെയത് കയ്യെടുക്കണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് ഇഷ്ടമായില്ല.
സ്റ്റേജില്‍ നടന്നത് അതിലും വലുതാണ്. രണ്ട് അമ്മാവന്മാര്‍ എന്റെ മുന്നില് നിന്ന് മോശം ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നെ വൃത്തികെട്ട പേരുകള്‍ വിളിച്ചു. അവരോട് ചെയ്യരുതെന്ന് മാന്യമായി പറഞ്ഞു. അതിനോട് അവര്‍ പ്രതികരിച്ചത് റോസാപ്പൂക്കൾ എറിഞ്ഞു കൊണ്ടായിരുന്നു. ഞാന്‍ ഇറങ്ങിപ്പോകാന്‍ ഒരുങ്ങിയെങ്കിലും വേഗം തിരികെ വന്ന് പരിപാടി പൂര്‍ത്തിയാക്കി. അവര്‍ അപ്പോഴും നിര്‍ത്തിയില്ല. കുടുംബക്കാരും സംഘാടകരുമൊന്നും ഇടപെട്ടതേയില്ല', മൗനി റോയ്യുടെ വാക്കുകൾ.

'എന്നപ്പോലെ ഒരാൾക്ക് ഇതാണ് അനുഭവമെങ്കിൽ, പുതിയതായി വരുന്ന പെൺകുട്ടികൾക്ക് എന്തൊക്കെ നേരിടേണ്ടിവരുന്നുവെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല. ഞാൻ അപമാനിക്കപ്പെട്ടു, ഞെട്ടിപ്പോയി. അസഹനീയമായ ഈ പെരുമാറ്റത്തിനെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കലാകാരന്മാരാണ് ഞങ്ങൾ, നിങ്ങളുടെ പെൺമക്കളോടോ സഹോദരിമാരോടോ കുടുംബാംഗങ്ങളോടോ നിങ്ങളുടെ സുഹൃത്തുക്കൾ ഇങ്ങനെ പെരുമാറിയാൽ എന്തു ചെയ്യുമെന്നായിരുന്നു ഞാൻ ആലോചിച്ചത്, നാണക്കേട്!'.
ചിരഞ്ജീവി ചിത്രമായ വിശ്വംഭര ആണ് ഇനി പുറത്തിറങ്ങാനുള്ള മൗനി റോയ് ചിത്രം. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷയാണ് എത്തുന്നത്. 2026 ജൂണിലായിരിക്കും ചിരഞ്‍ജിവി ചിത്രം റിലീസ് ചെയ്യുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
Content Highlights: Mouni roy shares a traumatic experience she faced at dancing at a wedding