ശ്വാസതടസ്സത്തിന് ചികിത്സ വൈകി; യുവാവിൻ്റെ മരണത്തിൽ വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ആരോപണം

മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോളേക്കും ബിസ്മീര്‍ മരിച്ചു

ശ്വാസതടസ്സത്തിന് ചികിത്സ വൈകി; യുവാവിൻ്റെ മരണത്തിൽ വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ആരോപണം
dot image

തിരുവനന്തപുരം: ആശുപത്രിയുടെ പ്രവേശന കവാടം പൂട്ടി ജീവനക്കാർ ഉറങ്ങിയതിനാൽ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് ആരോപണം. തിരുവനന്തപുരം വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. വിളപ്പില്‍ശാല സ്വദേശി ബിസ്മീറാണ് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മരണത്തിന് കീഴടങ്ങിയത്. ശ്വാസതടസവുമായി പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണ് ആരോപണം. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോളേക്കും ബിസ്മീര്‍ മരിച്ചു.

വിളപ്പില്‍ശാലയിലെ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് യുവാവിൻ്റെ ബന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതേസമയം പട്ടി കയറുന്നതിനാലാണ് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ബിസ്മീറിന് ശ്വാസതടസം നേരിട്ടത്. ഇതിന് പിന്നാലെ ഭാര്യ തന്നെ വളരെ വേഗത്തില്‍ ബിസ്മീറുമായി തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ ചികിത്സ വൈകി. പിന്നീട് അകത്തേക്ക് കയറിയെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു. ഡ്യൂട്ടി ഡോക്ടറും നേഴ്‌സും ആശുപത്രിയിലുണ്ടായിരുന്നെന്നും രോഗിയുമായി ചെല്ലുമ്പോള്‍ ഇരുവരും ഉറക്കത്തിലായിരുന്നുവെന്നും ബിസ്മീറിന്റെ ഭാര്യാസഹോദരന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഏര്‍പ്പെടുത്തിയ ആംബുലന്‍സിലും മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ബിസ്മീറിന്റെ കുടുംബം ചൂണ്ടിക്കാണിച്ചു.

Content Highlight; Delay in treatment for respiratory failure; Allegations against Vilappilsala Community Health Center over youth's death

dot image
To advertise here,contact us
dot image