

മലയാളത്തിൽ നിന്നും ഇടവേള എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പിന്നീടുള്ള തിരിച്ചുവരവിനെക്കുറിച്ചും നടൻ ജയറാം. ഒരു സമയത്ത് മലയാളത്തിൽ നിന്ന് ലഭിച്ചതെല്ലാം ഒരേ ടൈപ്പ് കഥാപാത്രങ്ങൾ ആയിരുന്നു എന്നും അതേസമയം മറ്റു ഭാഷകളിൽ നിന്നും നല്ല വേഷങ്ങൾ ലഭിച്ചെന്നും പറയുകയാണ് ജയറാം. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് ജയറാം മനസുതുറന്നത്.

'ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ തന്നെയാണെങ്കില്‍ കുറച്ചുനാള്‍ മലയാളം ചെയ്യണ്ട, ഒരു ഇടവേളയെടുക്കാം എന്ന് തീരുമാനിച്ചു. ചോദിച്ചപ്പോള്‍ ഇവരെല്ലാം നല്ലതാണെന്ന് പറയുകയും ചെയ്തു. മറ്റ് ഭാഷകളില്‍ കുറേ സിനിമകള്‍ ലഭിക്കുകയും ചെയ്തു. മലയാളത്തില്‍ നല്ല സിനിമകള്‍ ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു. കുറേ കഥകളൊക്കെ കേട്ടിരുന്നു. ഒന്നിലും ഒരു സ്പാര്‍ക്ക് തോന്നിയില്ല. സ്ഥിരം കഥകളൊക്കെ തന്നെ. പ്രേക്ഷകരിലേക്ക് എത്തില്ലെന്ന് തോന്നി. അങ്ങനെ ഇരിക്കെ വന്ന സിനിമകളിലൊന്നാണ് ഓസ്‌ലര്‍', ജയറാമിന്റെ വാക്കുകൾ.
മകൾ എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും നടൻ മനസുതുറന്നു. 'സത്യേട്ടന്‍ എന്നെ വിളിച്ച് അടുത്ത പടത്തില്‍ ഞാൻ ആണ് ഹീറോയെന്ന് പറഞ്ഞു. സത്യേട്ടന്റെ ഒരു വിളി വരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. സത്യേട്ടനോട് ഒരു മിനിറ്റേ എന്ന് പറഞ്ഞ് ഞാന്‍ പൂജാ മുറിയിലേക്ക് ഓടുകയായിരുന്നു'.
മലയാളത്തിൽ ആശകൾ ആയിരം ആണ് ഇനി പുറത്തിറങ്ങാനുള്ള ജയറാം ചിത്രം. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്.

ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ആശ ശരത്തും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണകുമാറുമാണ് സിനിമയിലെ മറ്റു താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. തുടരും എന്ന സിനിമയ്ക്കായി കാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം. ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്.
Content Highlights: Jayaram talks about his reason to take break from malayalam cinema