

കാസർകോട്: മഞ്ചേശ്വരത്ത് വീണ്ടും മത്സരിക്കാൻ ഒരുങ്ങി കെ സുരേന്ദ്രൻ. 2016ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മഞ്ചേശ്വരം ഇത്തവണ ബിജെപിക്കായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ സുരേന്ദ്രൻ മത്സരിക്കാൻ ഇറങ്ങുന്നത്. മണ്ഡലത്തിൽ സജീവമാകാൻ സുരേന്ദ്രന് ബിജെപി നേതൃത്വം നിർദ്ദേശം നൽകിയതായാണ് വിവരം. വിജയ സാധ്യത പരിഗണിച്ചാണ് സുരേന്ദ്രനെ തന്നെ ബിജെപി മഞ്ചേശ്വരത്ത് പരിഗണിക്കുന്നത്.
കാസർകോടും മഞ്ചേശ്വരത്തും മുസ്‌ലിം ലീഗ് വിജയിക്കുന്നത് സിപിഐഎമ്മിൻ്റെ വോട്ട് വാങ്ങിയാണ് എന്ന ലീഗ് നേതാവ് ലീഗ് നേതാവ് മാഹിൻ ഹാജിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു കൊണ്ട് മഞ്ചേശ്വരത്ത് മത്സരിക്കാനുള്ള താൽപ്പര്യം കൂടിയാണ് കെ സുരേന്ദ്രൻ പങ്കുവെച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. '89 വോട്ടിന് തോറ്റപ്പോഴും 600 വോട്ടിനു തോറ്റപ്പോഴും അറിയാമായിരുന്നു ഈ സത്യം. നന്ദി കല്ലട്ര മാഹിൻ ഹാജി ഈ സത്യം ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന്. മഞ്ചേശ്വരം അന്നും ഇന്നും എന്നും സ്വന്തം ഹൃദയത്തിൽ...' എന്നായിരുന്നു സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 745 വോട്ടിനായിരുന്നു മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. 2011ൽ മഞ്ചേശ്വരത്ത് ആദ്യമായി മത്സരിക്കാനെത്തിയ സുരേന്ദ്രൻ 5828 വോട്ടിന് മുസ്ലിം ലീഗിലെ പി ബി അബ്ദുൾ റസാഖിനോട് പരാജയപ്പെടുകയായിരുന്നു. 33.08 വോട്ട് ശതമാനത്തോടെ 43989 വോട്ടുകളായിരുന്നു 2011ൽ സുരേന്ദ്രൻ ഇവിടെ നേടിയത്. 2016ൽ മഞ്ചേശ്വരം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അവസാന നിമിഷമായിരുന്നു കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. 89 വോട്ടിനായിരുന്നു സിറ്റിംഗ് എംഎൽഎ പി ബി അബ്ദുൾ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.
2011നെക്കാൾ 12,792 വോട്ടുകൾ 2016ൽ കൂടുതലായി നേടാൻ സുരേന്ദ്രന് സാധിച്ചിരുന്നു. ആകെ പോൾ ചെയ്തവോട്ടിൻ്റെ 35.74 ശതമാനത്തോടെ 56781 വോട്ടുകളായിരുന്നു സുരേന്ദ്രൻ നേടിയത്. 2021ൽ വീണ്ടും മഞ്ചേശ്വരത്ത് മത്സരിക്കാനെത്തിയ സുരേന്ദ്രന് നേടിയ വോട്ടുകളുടെ ശതമാനത്തിലും എണ്ണത്തിലും വർദ്ധന വരുത്താൻ സാധിച്ചെങ്കിലും 745 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. 37.70 ശതമാനത്തോടെ 65013 വോട്ടുകളാണ് 2021ൽ മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ നേടിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൻ്റെ ഭാഗമായ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം യുഡിഎഫ് ഭരണം പിടിച്ച പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ ബിജെപിക്കായി ഇവിടെ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത്. മഞ്ചേശ്വരം. മഞ്ചേശ്വരം, വൊർക്കാടി, മീഞ്ച, മംഗൽപാടി, പൈവളിഗെ, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം. 2021ലെ വോട്ടർപട്ടിക പ്രകാരം 208104 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. മുസ്ലിം ലീഗ് നേതാവ് എ കെ എം അഷറഫ് ആണ് നിലവിലെ അംഗം. കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം.
Content Highlights:BJP leader K Surendran is preparing to contest Manjeshwar once again in the upcoming Kerala Assembly elections, after narrowly missing victory twice—by just 89 votes in 2016 and a close margin in 2021. Will he finally claim the seat that slipped away "between the cup and the lip"?