

മലയാള സിനിമയുടെ പ്രിയതാരം നിവിൻ പോളി വീണ്ടും ഒരു വ്യത്യസ്ത കഥാപാത്രവുമായി പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. നിവിൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം 'ബേബി ഗേൾ' സമകാലീന സാമൂഹിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന, വികാരങ്ങളും ബന്ധങ്ങളും ചേർന്ന ഒരു ശക്തമായ കഥയുമായാണ് എത്തുന്നത്. ഇതുവരെ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടൊരു ഷെയ്ഡുള്ള റോളിലാണ് നിവിൻ വരുന്നത് എന്നതാണ് ബേബി ഗേളിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയായ ഈ ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടക്കുന്ന ഒരു കഥയാണ്. ഒരു നവജാത ശിശുവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ ഈ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. 'സർവ്വംമായ 'എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിന് എത്തിയ നിവിൻ പോളി ചിത്രം കൂടിയാണ് 'ബേബി ഗേൾ'.
സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നിവിൻ പോളി ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ബേബി ഗേൾ മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്. മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
സംവിധായകനായ അരുൺ വർമ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് പടത്തിൽ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബി ഗേളിലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു മറ്റൊരു പ്രത്യേകത. ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ, സംഗീത് പ്രതാപും, അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്നു.

മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ,ജാഫർ ഇടുക്കി, മേജർ രവി,പ്രേം പ്രകാശ്,നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി,ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. അതേസമയം, നിവിന്റെ ഒടുവിൽ തിയേറ്ററിൽ എത്തിയ സർവ്വം മായ തിയേറ്ററിൽ നിന്ന് 100 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. സിനിമയുടെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ എത്തുന്നത്. സിനിമയ്ക്ക് ഒ ടി ടി യിലും മികച്ച അഭിപ്രായം നേടാൻ ആകുമെന്നാണ് പ്രതീക്ഷ.
Content Highlights: Nivin Pauly's film Baby Girl gets positive response from audience