

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. രണ്ട് ദിവസത്തിനകം നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. 2025ൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയതിലാണ് ചോദ്യം ചെയ്യൽ.
2019ൽ സ്വർണം പൂശി തിരിച്ചെത്തിച്ച പാളികൾക്ക് വീണ്ടും മങ്ങലുണ്ടായെന്ന് കണ്ടതോടെ പിന്നെയും സ്വർണം പൂശാൻ ചെന്നൈക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. 40 വർഷം ഗ്യാരന്റി പറഞ്ഞിരുന്ന പാളികൾ 2025 സെപ്തംബറിലാണ് സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അറ്റകുറ്റപ്പണി നടത്തി തിരിച്ചെത്തിച്ച് ആറാം വർഷം വീണ്ടും സ്വർണം പൂശുകയായിരുന്നു. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയാണ് മുൻകൈ എടുത്തത്. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഈ ഇടപാടുകൾ സംബന്ധിച്ചായിരിക്കും പി എസ് പ്രശാന്തിന്റെ ചോദ്യം ചെയ്യൽ.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പി എസ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തിയെന്നും ദ്വാരപാല ശില്പം സ്വർണം പൂശുന്നതിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചതെന്നും പ്രശാന്ത് അന്ന് പറഞ്ഞിരുന്നു. സ്റ്റേറ്റ്‌മെന്റ് എടുക്കൽ പൂർത്തിയായെന്നും ഇനി എസ്‌ഐടിക്ക് മുന്നിൽ പോകേണ്ടി വരില്ലെന്നും മാധ്യമങ്ങളോട് പ്രശാന്ത് പറഞ്ഞിരുന്നു. എന്നാൽ പ്രശാന്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെയൊന്നും നേരിട്ട് പരിചയമില്ലെന്ന് പ്രശാന്ത് മൊഴി നൽകിയിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിന്റെ അറസ്റ്റാണ് ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയത്. ചികിത്സയിൽ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്.
Content Highlights: sabarimala gold theft case; former devaswom board president PS Prashanth will be questioned in detail again