

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ കോർട്ട്റൂം സിനിമയാണ് നേര്. ഒരു ക്രൈം ത്രില്ലർ സ്വഭാവത്തിൽ എത്തിയ സിനിമയിൽ വിജയ്‌മോഹൻ എന്ന വക്കീലായിട്ടാണ് മോഹൻലാൽ എത്തിയത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയം കൊയ്തിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നുള്ള ചർച്ചകൾ ഇടക്ക് ഉയർന്നിരുന്നു. ഇപ്പോഴിതാ റെഡ്‌ഡിറ്റിലൂടെ ഇതിന് മറുപടി പറയുകയാണ് ജീത്തു ജോസഫ്.
സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും എന്നാൽ മോഹൻലാൽ അവതരിപ്പിച്ച വിജയ്‌മോഹൻ എന്ന കഥാപാത്രത്തിനെ വച്ച് മറ്റൊരു സിനിമ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ജീത്തു ജോസഫ് കുറിച്ചു. നേരിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രം കൂടിയാണിത്. ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്. സീക്കിങ് ജസ്റ്റിസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്. ചിത്രം 100 കോടിയ്ക്കും മുകളിൽ കളക്ഷൻ നേടിയിരുന്നു.

അതേസമയം, വലതുവശത്തെ കള്ളൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ജീത്തു ജോസഫ് ചിത്രം. ജനുവരി 30-ന് സിനിമ പുറത്തിറങ്ങും. ബിജു മേനോന്റേയും ജോജു ജോർജിന്റെയും വേറിട്ട അഭിനയ മുഹൂർത്തങ്ങളുമായാണ് ചിത്രം പുറത്തിറങ്ങുന്നതാണ് ടീസർ നൽകിയിട്ടുള്ള സൂചന. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സാണ് ഡിസ്ട്രിബ്യൂഷൻ. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ജോജു ജോർജിനും ബിജു മേനോനുമൊപ്പം ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Content Highlights: Jeethu joseph opens about mohanlal film neru sequel