

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. ഈ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നുവെന്ന് പറയുകയാണ് രജനികാന്ത്. കഥ പറഞ്ഞിട്ടും ഐശ്വര്യയെ കിട്ടാതിരുന്നതിന്റെ കാരണവും രജനികാന്ത് വ്യക്തമാക്കി. ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയൊക്കെ ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നുവെന്നും എന്നാൽ എങ്ങനെ രമ്യ കൃഷ്ണനിലേക്ക് ഈ വേഷം എത്തി എന്നതിനെക്കുറിച്ചും രജനികാന്ത് പറഞ്ഞു.
'കഥയിലെ ഏറ്റവും പവർഫുള്ളായിട്ടുള്ള കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചർച്ച വന്നപ്പോൾ എന്റെ മനസിൽ ഐശ്വര്യ റായ് ആയിരുന്നു. കാരണം, ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഞാൻ ഐശ്വര്യയിൽ കണ്ടിരുന്നു. ആ സമയത്ത് അവർ വളരെ തിരക്കിലായിരുന്നു. ഞങ്ങൾ അവരെ കഥയുമായി സമീപിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഐശ്വര്യ റായ് തന്നില്ല. ഇപ്പോൾ തിരക്കാണെന്നും കുറച്ച് കഴിഞ്ഞ് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കിൽ ഒരു വർഷമൊക്കെ കാത്തിരിക്കാൻ ഞങ്ങൾ തയാറായേനെ. അവർക്ക് ഇഷ്ടമല്ലെന്ന് പിന്നീട് അറിഞ്ഞു. പിന്നീടാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്.


ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയൊക്കെ പരിഗണിച്ചതായിരുന്നു. പക്ഷേ, അവർക്കാർക്കും ഐശ്വര്യയെപ്പോലെ പവർഫുള്ളായി പെർഫോം ചെയ്യാൻ സാധിക്കില്ലെന്ന് തോന്നി. അപ്പോൾ രവിയാണ് 'രമ്യാ കൃഷ്ണൻ ചെയ്താൽ നന്നായിരിക്കും എന്ന് പറയുന്നത്. ആദ്യം എനിക്ക് രമ്യാ കൃഷ്ണന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ ആ കഥാപാത്രത്തെപ്പോലെ ഡാൻസും ഡയലോഗ് ഡെലിവറിയുമൊക്കെ രമ്യക്ക് ചെയ്യാൻ സാധിക്കുമെന്ന് സംവിധായകൻ അറിയിച്ചു അങ്ങനെയാണ് നീലാംബരി രമ്യാ കൃഷ്ണനിലേക്ക് എത്തിയത്,' രജനികാന്ത് പറഞ്ഞു.

സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായും രജനികാന്ത് പറഞ്ഞു. 'സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയെപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണ്. 'പടയപ്പ 2 -നീലാംബരി' എന്നാണ് കഥയുടെ പേര്. സിനിമയുടെ കഥയും മറ്റു കാര്യങ്ങളും കൃത്യമായി വന്നാൽ ആരാധകർക്ക് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം', എന്നായിരുന്നു രജനിയുടെ വാക്കുകൾ. ഡിസംബർ 12 ന് രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് സിനിമ റീ റിലീസ് ചെയ്യുന്നത്.
സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് പടയപ്പ. അഞ്ച് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി. സിനിമയുടെ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും എ ആർ റഹ്മാനാണ് ഒരുക്കിയത്. പുറത്തിറങ്ങി വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും സിനിമയ്ക്ക് നിരവധി ആരാധകരാണുള്ളത്.
Content Highlights: Rajinikanth says he considered Aishwarya Rai for Padayappa