

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടില്‍ ഇഡി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രിക്ക് ഇടയ്ക്കിടയ്ക്ക് നോട്ടീസ് കിട്ടാറുണ്ടെന്നും ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാനാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാനുംകൂടിയാണിത്. ആര് പൊക്കിയാലും പക്ഷേ ബിജെപി പൊങ്ങില്ലെന്നും ഇടയ്ക്കിടയ്ക്ക് പേടിപ്പിക്കും, അതുപോലെ കെട്ട് പോകുമെന്നും മുരളീധരന്‍ ആരോപിച്ചു. ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും രാഹുൽ മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അയാളെ അനുകൂലിച്ച് ആര് സംസാരിച്ചാലും അവര്‍ തന്നെ അതിന്റെ ഭവിഷ്യത്ത് നേരിടണമെന്നും കെ മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കാരനല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
രാജ് മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തിനെതിരെയും അദ്ദേഹം ആരോപണമുന്നയിച്ചു. പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് പകരം വിഡി സതീശനെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിക്കുന്നതെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. രാഹുല്‍ ഈശ്വറിനൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിത മുമ്പ് രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ നിര്‍ണായക ചികിത്സാ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ കൈവിട്ടതോടെയാണ് അതിജീവിത ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കടുത്ത ഭീഷണിക്ക് പിന്നാലെയായിരുന്നു ജീവനൊടുക്കാന്‍ ശ്രമം. അമിതമായി മരുന്ന് കഴിച്ചായിരുന്നു ആത്മഹത്യാശ്രമം. ഒരാഴ്ചക്കാലമാണ് യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഒരുതവണ കൈ ഞരമ്പ് മുറിക്കാനും അതിജീവിത ശ്രമിച്ചു.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചപ്പോഴാണ് ആദ്യം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗര്‍ഭഛിദ്രത്തിന് പിന്നാലെയും യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭീഷണിയും സമ്മര്‍ദ്ദവും താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്.
Content Highlights: K Muraleedharan on ed notice to Pinarayi Vijayan