

ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിനിമയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രം കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ചിത്രം ഇന്ത്യയിൽ നിന്നും 50 കോടി കടന്നിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 51.75 കോടിയാണ് തേരെ ഇഷ്‌ക് മേയുടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നുള്ള നേട്ടം. ആദ്യ ദിനം ചിത്രം 16.5 കോടിയാണ് നേടിയത്. രണ്ടാം ദിനം 17 കോടിയും മൂന്നാം ദിനം 18.75 കോടിയുമാണ് സിനിമ സ്വന്തമാക്കിയത്. നേരത്തെ ആദ്യ ദിനം തേരെ ഇഷ്‌ക് മേം അക്ഷയ് കുമാർ ചിത്രം ജോളി എൽഎൽബി 3 , ആമിർ ഖാൻ ചിത്രം സിത്താരെ സമീൻ പർ, അജയ് ദേവ്ഗൺ ചിത്രം ദേ ദേ പ്യാർ ദേ 2 തുടങ്ങിയ സിനിമകളെ ചിത്രം മറികടന്നിരുന്നു. 12 കോടിയാണ് ജോളി എൽഎൽബി 3 യുടെ നേട്ടം. സിത്താരെ സമീൻ പർ 10.70 കോടിയും ദേ ദേ പ്യാർ ദേ 2 8.75 കോടിയുമാണ് നേടിയത്.
മികച്ച പ്രതികരണമാണ് തേരെ ഇഷ്‌ക് മേയ്ക്ക് ലഭിക്കുന്നത്. ധനുഷ് പ്രകടനം കൊണ്ട് തകർത്തെന്നും ഒപ്പം കട്ടയ്ക്ക് കൃതി സനോണും ഉണ്ടെന്നുമാണ് അഭിപ്രായങ്ങൾ. മികച്ച തിരക്കഥയാണ് സിനിമയുടേതെന്നും രാഞ്ജനയ്ക്ക് ശേഷം വീണ്ടും ആനന്ദ് എൽ റായ് ഞെട്ടിച്ചെന്നാണ് കമന്റുകൾ. വളരെ ഇമോഷണൽ ആയ ഒരു പ്രണയകഥയാണ് സിനിമ ചർച്ചചെയ്യുന്നത്. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്.

അതേസമയം, ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷിൻ്റെ തമിഴ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.
Content Highlights: Tere Ishk Mein collection report