

കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാന്‍റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ ആശുപത്രി അധികൃതർ അനുവദിച്ചുവെന്നും ആദ്യം അജ്ഞാതൻ എന്ന് രേഖപ്പെടുത്തി, പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ സൂരജ് ലാമ എന്ന് മാറ്റിയെന്നും സാന്റൻ ലാമ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് കളമശ്ശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയിൽ സൂരജ് ലാമയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്.
പിതാവിനെ ജീവനോടെ കണ്ടെത്തി തരുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പരിശോധന നടത്തിയതിന്റെ സമീപത്ത് നിന്നാണ് ഇപ്പോൾ മൃതദേഹം കിട്ടിയതെന്നും സാന്റൻ ലാമ പറഞ്ഞു. മൃതദേഹം പിതാവിന്റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും സാന്റൻ ലാമ വ്യക്തമാക്കി.
കളമശ്ശേരി എച്ച്എംടിക്ക് സമീപം രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഓർമശക്തി നഷ്ടപ്പെട്ട സൂരജ് ലാമ ഒക്ടോബർ ആറിന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്. ഒക്ടോബർ 10ന് രാത്രിയോടെ എൻഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ലാമ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓർമ നഷ്ടപ്പെട്ടതിനെ തുടർന്ന് ലാമയെ കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഇതോടെ പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സാന്‍റൻ ലാമ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അച്ഛനെ കണ്ടെത്താൻ കഴിയാത്തതിന് പിന്നാലെയാണ് സാന്റൻ ലാമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി. പിന്നാലെ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ 21 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊച്ചിയിൽ അലഞ്ഞു തിരിയുകയായിരുന്ന സൂരജ് ലാമയെ പൊലീസ് കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇവിടെ നിന്ന് കാണാതായെന്നായിരുന്നു വിവരം. ആഗസ്തിൽ കുവൈത്തിലുണ്ടായ മദ്യ ദുരന്തത്തിലാണ് ലാമയ്ക്ക് ഓർമ നഷ്ടപ്പെട്ടതെന്ന് മകൻ ഹർജിയിൽ പറഞ്ഞിരുന്നു.
Content Highlights: Suraj Lama case; Son against Kalamassery Medical College