

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയഭീതിയിലാണ്. അത്ഭുതങ്ങൾ സംഭവിച്ച് മത്സരം സമനിലയായാൽ പോലും ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചത് കൊണ്ട് തന്നെ അവർക്ക് പരമ്പര സ്വന്തമാക്കാനാകും.
അതേ സമയം തോൽവി ഭീഷണി മുന്നിൽ നിൽക്കവെ കോച്ച് ഗൗതം ഗംഭീറിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കൂടുതൽ മൂർച്ച കൂടി വരികയാണ്. നിരവധി മുൻ താരങ്ങളും ആരാധകരും ഇതിനകം തന്നെ ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ഇപ്പോഴിതാ രവി ശാസ്ത്രിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും പകരം ഓള്‍ റൗണ്ടര്‍മാരെ കുത്തിനിറക്കുന്ന ഗംഭീറിന്‍റെ ശൈലിയാണ് ഇത്രയും ദയനീയമായ അവസ്ഥയിൽ കൊണ്ടെത്തിച്ചതെന്ന് ശാസ്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മൂന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍മാരെയും ഒരു പേസ് ഓള്‍ റൗണ്ടറെയും കളിപ്പിച്ചെങ്കിലും ഇവരില്‍ വാഷിംഗണ്‍ സുന്ദർ മാത്രമാണ് ഇതുവരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓൾ റൗണ്ടർമാരെ കൊണ്ട് ബൗളും ചെയ്യിപ്പിക്കുന്നില്ല എങ്കിൽ എന്തിനാണ് ടീമിലെടുക്കന്നതെന്നും ശാസ്ത്രി ചോദിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി 30 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിങ്ങനെ നാലു സ്പിന്നര്‍മാരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്.
ഗുവാഹത്തിയില്‍ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും മൂന്ന് സ്പിന്നര്‍മാരെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചപ്പോള്‍ പേസ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും പ്ലേയിംഗ് ഇലവനിലെത്തി. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ വെറും ആറോവര്‍ മാത്രമാണ് നിതീഷ് കുമാര്‍ റെഡ്ഡി പന്തെറിഞ്ഞത്. ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ 10 റണ്‍സെടുത്ത് നിരാശപ്പെടുത്തുകയും ചെയ്തു.
Content Highlights:'Makes no sense!' Ravi Shastri criticize Gautam Gambhir on test team selection