ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ച് സ്വതന്ത്രന് പിന്തുണ നൽകി എൽഡിഎഫ്; പെരിന്തൽമണ്ണയിൽ നിർണായക നീക്കം

കുളിർമല വാർഡിൽ മത്സരിക്കുന്ന ഡോ. നിലാർ മുഹമ്മദിനാണ് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത്

ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ച് സ്വതന്ത്രന് പിന്തുണ നൽകി എൽഡിഎഫ്; പെരിന്തൽമണ്ണയിൽ നിർണായക നീക്കം
dot image

മലപ്പുറം: പെരിന്തൽമണ്ണയിൽ ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ച് സ്വതന്ത്രന് പിന്തുണ നൽകി എൽഡിഎഫ്. പെരിന്തൽമണ്ണ നഗരസഭയിലെ ആറാം വാർഡായ കുളിർമലയിലാണ് സ്ഥാനാർഥി മാറ്റം. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷാഹുൽ ഹമീദാണ് പത്രിക നൽകിയിരുന്നത്. ഷാഹുൽ ഹമീദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും സ്ഥാനാർഥി പ്രഖ്യാപനവും പാർട്ടി നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം പത്രിക പിൻവലിപ്പിക്കുകയായിരുന്നു.

സ്വതന്ത്രനായി പത്രിക നൽകിയ ഡോ. നിലാർ മുഹമ്മദിനാണ് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത്. സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ നിലാർ മുഹമ്മദിന്റെ സ്ഥാനാർഥിത്വം അനുകൂലമാകുമെന്നാണ് എൽഡിഎഫ് നിഗമനം. മുസ്‌ലിം ലീഗിന്റെ സിറ്റിങ് സിറ്റാണ് ആറാം വാർഡ്. മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി നാലകത്ത് ബഷീറാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.

മുൻ വർഷം ഇത് വനിതാ സംവരണ വാർഡ് ആയ ഘട്ടത്തിൽ സ്ഥാനാർത്ഥി നിർണയം തർക്കത്തിൽ എത്തുകയും അവകാശവാദം ഉന്നയിച്ച രണ്ട് വനിതകൾക്കും സ്വതന്ത്രമായി മത്സരിക്കാൻ ലീഗ് അനുമതി നൽകുകയും ചെയ്ത അപൂർവതയും ഇവിടെ ഉണ്ടായിരുന്നു. അന്ന് എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു.

Content Highlights: LDF withdraws official candidate in Perinthalmanna and supports independent candidate

dot image
To advertise here,contact us
dot image