'മൂത്തോൻ ആയി വാപ്പിച്ചി ഇനിയും വരും, അതായിരിക്കും ഞങ്ങൾ ഒരുമിക്കുന്ന ആദ്യ ചിത്രം'; ദുൽഖർ സൽമാൻ

'ലോകയിലെ കാമിയോ തന്നെ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണ്'

'മൂത്തോൻ ആയി വാപ്പിച്ചി ഇനിയും വരും, അതായിരിക്കും ഞങ്ങൾ ഒരുമിക്കുന്ന ആദ്യ ചിത്രം'; ദുൽഖർ സൽമാൻ
dot image

വർഷങ്ങളായി മലയാളികൾ ഒരുമിക്കാൻ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ദുൽഖർ സൽമാൻ കോമ്പോ. നേരത്തെ പല സിനിമകൾക്കായും ഇവർ ഒരുമിക്കുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അതൊന്നും നടന്നിരുന്നില്ല. ഇപ്പോഴിതാ അത് സാധ്യമാകുകയാണെന്ന സൂചന നൽകുകയാണ് ദുൽഖർ സൽമാൻ. ലോകയിലെ വരും ഭാഗങ്ങളിൽ വാപ്പിച്ചി ഒപ്പം ഒരുമിക്കും എന്നാണ് ദുൽഖറിന്റെ വാക്കുകൾ.

ലോകയിലെ അടുത്ത ഭാഗങ്ങളിൽ കാമിയോയായി ദുൽഖറും മമ്മൂട്ടിയും ഒരുമിച്ച് വരാൻ ചാൻസ് ഉണ്ടോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'തീർച്ചയായും അത്തരത്തിൽ പ്ലാനുകൾ ഉണ്ട്' എന്നായിരുന്നു ദുൽഖറിന്റെ മറുപടി. അങ്ങനെയെങ്കിൽ അതാകുമോ നിങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിക്കാൻ പോകുന്ന സിനിമ? എന്ന ചോദ്യത്തിന് 'അതിന് മുൻപ് ഒരു ചാൻസ് ഞാൻ കാണുന്നില്ല. ലോകയിലെ കാമിയോ തന്നെ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണ്', എന്നും ദുൽഖർ മറുപടി നൽകി. വാപ്പിച്ചി ഒരുമിച്ച് അഭിനയിക്കാൻ ഓക്കെ പറഞ്ഞാൽ അത് താൻ ഇത്രയും വർഷങ്ങൾ കൊണ്ട് നേടിയെടുത്തതാണെന്നും ദുൽഖർ പറഞ്ഞു.

'14 വർഷമായി ഞാൻ സിനിമയിൽ അഭിനയിക്കുകയാണ്. ഇപ്പോൾ അദ്ദേഹം അതിന് ഓക്കെ പറയുകയാണെങ്കിൽ ഒരു മകൻ എന്നതിനേക്കാൾ ഒരു അഭിനേതാവ് എന്ന നിലയിൽ അത് ഞാൻ അധ്വാനിച്ച് നേടിയതാണ്. ഒരു സിനിമയുടെ കഥയും ആ സിനിമയുടെ ടെക്‌നിക്കൽ ടീമും എല്ലാം നോക്കി മാത്രമേ അദ്ദേഹം ഓക്കെ പറയൂ. പക്ഷെ അദ്ദേഹം എന്നും ഒരു സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാകും', ദുൽഖറിന്റെ വാക്കുകൾ.

ലോകയിൽ മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയിരുന്നു. ഒരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്. അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" തീയേറ്ററുകളിൽ 75 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങൾ തീയേറ്ററുകളിൽ പിന്നിടുന്ന അപൂർവ നേട്ടമാണ് ലോകയെ തേടിയെത്തിയത്. ഗൾഫിലും, കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകൾ ഉൾപ്പെടെയുള്ള തീയേറ്ററുകളിലുമാണ് ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് പ്രദർശനം തുടരുന്നത്.

ഒക്ടോബർ 31നു ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.

Content Highlights: Dulquer and Mammootty to unite soon for Lokah?

dot image
To advertise here,contact us
dot image