

ഷറഫുദ്ദീൻ പ്രൊഡക്ഷൻസും, ഗോകുലം മൂവീസും ചേർന്ന് നിർമ്മിച്ച ചിത്രമാണ് 'പെറ്റ് ഡിറ്റക്ടീവ്'. മികച്ച കളക്ഷൻ സ്വന്തമാക്കി സിനിമ മൂന്നാം വാരവും വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ നടൻ ഷറഫുദ്ദീൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പാേസ്റ്റാണ് വൈറലാകുന്നത്. മൃഗശാലയിലെ കടുവകളോട് കുശലം പറയുകയാണ് നടൻ. 'എടാ ചെറുക്കാ ഇനി ചാടി പോവരുത്, എപ്പോഴും വന്ന് എനിക്ക് പിടിച്ച് തരാൻ പറ്റില്ല, നന്നായി ഇരിയ്ക്ക് എന്നാണ് ഷറഫുദ്ദീൻ പറയുന്നത്. ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നടന്റെ ഏറ്റവും പുതിയ ചിത്രമായ പെറ്റ് ഡിറ്റക്ടീവിന്റെ വിജയൻ ആഘോഷിക്കുകയാണ് നടൻ ഇപ്പോൾ. തിയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നുണ്ട്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. "പടക്കളം" എന്ന സൂപ്പർ ഹിറ്റിനു ശേഷം വീണ്ടും ഒരു ഷറഫുദീൻ ചിത്രം കേരളത്തിൽ തരംഗമാവുകയാണ്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
ചിരിയോടൊപ്പം ഏറെ രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും പ്രേക്ഷക പ്രശംസ നേടുന്നു. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന ചിത്രം ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ ആണ് സ്വന്തമാക്കുന്നത്.
Content Highlights: Sharafudheen shares interesting video from the zoo