ഇന്നായിരുന്നു ആ സിനിമ ഇറങ്ങിയതെങ്കിൽ സൂപ്പർ ഹിറ്റ് ആയേനേ, അത് ഒരു മോശം സിനിമയല്ല: സന്തോഷ് ടി കുരുവിള

'അന്ന് ആ സിനിമയിൽ കാണിച്ച കാര്യങ്ങൾ പ്രേക്ഷകർക്ക് ദഹിച്ചില്ല'

ഇന്നായിരുന്നു ആ സിനിമ ഇറങ്ങിയതെങ്കിൽ സൂപ്പർ ഹിറ്റ് ആയേനേ, അത് ഒരു മോശം സിനിമയല്ല: സന്തോഷ് ടി കുരുവിള
dot image

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കിയ ആക്ഷൻ ചിത്രമാണ് ഗ്യാങ്സ്റ്റർ. വമ്പൻ ഹൈപ്പിൽ പുറത്തുവന്ന സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ആഷിഖ് അബുവിന്റെയും മമ്മൂട്ടിയുടേയും കരിയറിലെ ഏറ്റവും മോശം സിനിമ ആയിട്ടാണ് ഗ്യാങ്സ്റ്ററിനെ കണക്കാക്കിയിട്ടുള്ളത്. ഗ്യാങ്സ്റ്റർ ഒരു മോശം സിനിമ അല്ലെന്നും ഇന്നായിരുന്നു ആ സിനിമ ഇറങ്ങിയിരുന്നതെങ്കിൽ വിജയിച്ചേനെ എന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് സന്തോഷ് ടി കുരുവിള. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗ്യാങ്സ്റ്റർ ഒരു മോശം സിനിമയല്ല. അത് കാലത്തിനും മുൻപേ വന്ന സിനിമയാണ്. ആ സിനിമ ഇപ്പോഴാണ് ഇറങ്ങിയതെങ്കിൽ ഭയങ്കരമായി വിജയിച്ചേനെ. അന്ന് ആ സിനിമയിൽ കാണിച്ച കാര്യങ്ങൾ പ്രേക്ഷകർക്ക് ദഹിച്ചില്ല. ആ സിനിമയുടെ സ്ക്രിപ്റ്റ് നേരത്തെ ഉണ്ടാക്കിയിരുന്നില്ല അതുകൊണ്ട് അതിൽ പാളിച്ചകൾ ഉണ്ടായിരുന്നു. ആന്റോ ജോസഫ് ആയിരുന്നു അന്ന് സിനിമ വിതരണം ചെയ്തത്. അദ്ദേഹം സിനിമ വിഷുവിന് ഇറക്കാം എന്ന് പറഞ്ഞ് തിയേറ്ററുകാരുടെ പക്കൽ നിന്ന് അഡ്വാൻസ് വാങ്ങിയിരുന്നു. അതുകൊണ്ട് സിനിമ പെർഫെക്റ്റ് ആകാനുള്ള സമയം ഞങ്ങൾക്ക് കിട്ടിയില്ല. അങ്ങനെയൊരു സമയം അന്ന് ഗ്യാങ്സ്റ്ററിന് കിട്ടിയിരുന്നെങ്കിൽ ആ സിനിമ സൂപ്പർഹിറ്റായി മാറിയേനെ', സന്തോഷ് ടി കുരുവിളയുടെ വാക്കുകൾ.

അഹമ്മദ് സിദ്ദിഖ്, അഭിലാഷ് എസ് കുമാർ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ശേഖർ മേനോൻ, നൈല ഉഷ, അപർണ ഗോപിനാഥ്, ജോൺ പോൾ, ദിലീഷ് പോത്തൻ എന്നിവരും സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ സ്റ്റൈലിഷ് മേക്കിങ്ങിന് കയ്യടി ലഭിച്ചെങ്കിലും സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും മോശം അഭിപ്രായങ്ങളാണ് നേടിയത്. അതേസമയം, ഇന്ന് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights: Santhosh T Kuruvilla talks about Mammootty film gangster

dot image
To advertise here,contact us
dot image