
മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ രാവണപ്രഭു 4K ഡോൾബി അറ്റ്മോസിൽ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ പത്തിനാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. വമ്പൻ ആഘോഷങ്ങളാണ് സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ടു ആരാധകർ പ്ലാൻ ചെയ്യുന്നത്. ആദ്യ ദിനം ചിത്രം റീ റിലീസ് റെക്കോർഡുകൾ തകർക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മോഹൻലാലിന്റേതായി മുൻപ് പുറത്തിറങ്ങിയ നാല് റീ റിലീസുകൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്‌ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ സിനിമകളാണ് ഇതിന് മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ സിനിമകൾ. ഈ നാല് റീ റിലീസുകൾക്കും വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഭദ്രൻ ഒരുക്കിയ സ്‌ഫടികം പുത്തൻ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോൾ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം 4 കോടിയോളമാണ് സിനിമ റീ റിലീസിൽ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്.
ആദ്യത്തെ റിലീസിൽ ബോക്സ് ഓഫീസിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാതെ പോകുകയും എന്നാൽ പിന്നീട് പ്രേക്ഷക പ്രിയങ്കരമാകുകയും ചെയ്ത സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. രണ്ടാം വരവിൽ ഗംഭീര അഭിപ്രായമാണ് സിനിമ നേടിയത്. മികച്ച വരവേൽപ്പ് ലഭിച്ച സിനിമ ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു. 5.4 കോടിയാണ് ആഗോളതലത്തിൽ സിനിമയുടെ ഫൈനൽ കളക്ഷൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ചിത്രം പുറത്തിറങ്ങിയത്.
ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് 2024 ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയ സിനിമയുടെ ഫൈനൽ റീ റിലീസ് കളക്ഷൻ 4.71 കോടിയാണ്. അതേസമയം, ഛോട്ടാ മുംബൈയാകട്ടെ ആദ്യ ദിനം മുതൽ വമ്പൻ കളക്ഷൻ ആണ് നേടിയത്. ആദ്യ ദിവസം 40 ലക്ഷത്തോളമാണ് ഛോട്ടാ മുംബൈ നേടിയത്. 3.78 കോടിയാണ് സിനിമയുടെ ഫൈനൽ നേട്ടം. ഈ കളക്ഷനുകളെയാണ് രാവണപ്രഭുവിന് മറികടക്കേണ്ടത്. റീ റിലീസില്‍ ചിത്രം നേടുന്ന ഓപ്പണിങ് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
Content Highlights: Ravanprabhu box office predictions