
ദാദാസാഹേബ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയ മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അജയ് ദേവ്ഗൺ. മോഹൻലാൽ രാജ്യത്തിൻറെ അഭിമാനമാണെന്നും അദ്ദേഹത്തിനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും അജയ് ദേവ്ഗൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് നടന്റെ പ്രതികരണം. മോഹൻലാലിനൊപ്പം കമ്പനി, ടെസ് തുടങ്ങിയ ചിത്രങ്ങളിൽ അജയ് ദേവ്ഗൺ ഒന്നിച്ചിട്ടുണ്ട്.
'മോഹൻലാൽ സർ, നിങ്ങളോടൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഒരു പ്രിവിലേജ് ആണ്. നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ അഭിമാനം, നിങ്ങളുടെ പ്രവർത്തനങ്ങൾ മലയാള സിനിമയെ ഉയരങ്ങളിൽ എത്തിച്ചു. അഭിമാനകരമായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ,' അജയ് ദേവ്ഗൺ കുറിച്ചു.
അവാർഡ് ഏറ്റുവാങ്ങിയ മോഹൻലാലിന് അഭിനന്ദനവുമായി ഇന്ത്യൻ സിനിമ ലോകം തന്നെ അണിനിരന്ന കാഴ്ചയാണ് കണ്ടത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.
.@Mohanlal sir, sharing the screen with you has been a privilege. A true pride of our nation, your work has carried Malayalam cinema far and wide. Heartfelt congratulations sir on receiving the prestigious Dadasaheb Phalke award 🙏
— Ajay Devgn (@ajaydevgn) September 24, 2025
ഇത്തരമൊരു നിമിഷത്തെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്നും പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ് തന്‍റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', മോഹൻലാൽ പറഞ്ഞു.
മോഹന്‍ലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിച്ചു. അദ്ദേഹത്തിന്‍റെ നാടകമായ കർണഭാരത്തെകുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചു. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
Content Highlights: Ajay Devgn congratulates Mohanlal on winning the Dadasaheb Award