
ഒമാനിലെ സലാലയിൽ ഖരീഫ് സീസണിന് സമാപനമാകുന്നു. ഈ വര്‍ഷത്തെ ഖരീഫ് സീസണ്‍ ഇന്ന് ഔദ്യോഗികമായി അവസാനിക്കും. ഇക്കഴിഞ്ഞ ജൂണ്‍ 21ന് ഖരീഫ് സീസണ്‍ ആരംഭിച്ചത് മുതല്‍ ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് കാണാനായത്. ഖരീഫ് സീസണിന് പിന്നാലെ സഞ്ചാരികള്‍ക്കായി സര്‍ബ് സീസണ്‍ സജ്ജമാക്കുന്ന തിരക്കിലാണ് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം.
ജിസിസി രാജ്യങ്ങള്‍ വേനലില്‍ ചുട്ടുപൊള്ളുമ്പോള്‍ മഴക്കുളിരില്‍ തണുപ്പു പരത്തുന്ന സലാലയിലേക്ക് ദശലക്ഷത്തില്‍പ്പരം സഞ്ചാരികള്‍ ഇതുവരെ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ ഖരീഫ് സീസൺ ആസ്വദിക്കാനായി എത്തിച്ചേർന്നത്. റോഡ് മാര്‍ഗം എത്തിയവരാണ് ഇതില്‍ ഏറെയും. വിമാന മാര്‍ഗം എത്തിയവരും നിരവധിയാണ്.
ഒമാനില്‍ ചൂട് ശക്തമായ മസ്‌കത്ത്, അല്‍ വുസ്ത, ബുറൈമി, ബാതിന തുടങ്ങിയ മേഖലകളില്‍ നിന്നും ധാരണമായി സഞ്ചാരികള്‍ ദോഫാറിന്റെ തണുപ്പ് ആസ്വദിക്കാനായി എത്തി. പാര്‍ക്കുകള്‍, താഴ്വാരങ്ങള്‍, ബീച്ചുകള്‍, ചരിത്ര പ്രധാന്യമുളള സ്ഥലങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളെല്ലാം സഞ്ചാരികളെ കൊണ്ട് നിറഞ്ഞു.
സലാലയിലെ ഹോട്ടലുകള്‍, ഫ്‌ലാറ്റുകള്‍ മറ്റു താമസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും തിരക്ക് പ്രകടമായിരുന്നു. ടാക്സി സര്‍വ്വീസുകളും വലിയ ലാഭം നേടി. വാടക കുത്തനെ ഉയരുന്ന ഖരീഫ് കാലയളവില്‍ സലാലയിലെ കച്ചവട സ്ഥാപനങ്ങള്‍ക്കും ഇത് കൊയ്ത്തുകാലമായിരുന്നു. സലാലയുടെ സ്വന്തം വിഭവങ്ങളായ ഇളനീരും നാളികേരവും വാഴപ്പഴവുമെല്ലാം വന്‍ തോതില്‍ വിറ്റഴിക്കപ്പെട്ടു.
ഖരീഫ് സീസണിന് പിന്നാലെ സഞ്ചാരികള്‍ക്കായി അല്‍ സര്‍ബ് സീസണ്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. ദോഫാര്‍ നഗരസഭയുമായി ചേര്‍ന്ന് വ്യത്യസ്ത പരിപാടികളാകും സര്‍ബ് കാലത്തേക്കായി ഒരുക്കുക. ഖരീഫ് കാലവസ്ഥയ്ക്ക് പിന്നാലെ എത്തുന്ന ചൂടും തണുപ്പും ഇടകലര്‍ന്ന മിതമായ കാലാവസ്ഥയും സഞ്ചാരികളെ സർബ് കാലത്ത് കൂടുതലായി ആകര്‍ഷിക്കും. സെപ്റ്റംബർ 21 മുതൽ ഡിസംബർ 21 വരെയാണ് സർബ് സീസൺ നീണ്ടുനിൽക്കുക.
Content Highlights: Kharif season ends, Oman now has the Zarb season for tourists