'ലോക'യെ ആഘോഷിക്കുമ്പോൾ ഈ ഹീറോയെ കാണാതെ പോവല്ലേ; 'തലവര'യെ പ്രശംസിച്ച് മംമ്ത മോഹൻദാസ്

വേദനാജനകമെങ്കിലും ശക്തമായ ഒരു കഥയാണ് അഖിൽ മനോഹരമായി കോർത്തിണക്കിയത്. നമ്മുടെ ഇടയിൽ ജീവിക്കുന്ന എല്ലാ 'പാണ്ട'കൾക്കും കൂടുതൽ ശക്തിയുണ്ടാവട്ടെ

'ലോക'യെ ആഘോഷിക്കുമ്പോൾ ഈ ഹീറോയെ കാണാതെ പോവല്ലേ; 'തലവര'യെ പ്രശംസിച്ച് മംമ്ത മോഹൻദാസ്
dot image

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രമാണ് തലവര. അർജുൻ അശോകൻ നായകനായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയെ പ്രശംസിച്ചിരിക്കുകയാണ് മംമ്ത മോഹൻദാസ്. ലോക സിനിമയുടെ വിജയം കൊണ്ടാടുന്ന വേളയിൽ യഥാർത്ഥ പോരാട്ടങ്ങൾ നടത്തുന്ന സൂപ്പര്‍ഹീറോസിനെ വിസ്മരിക്കരുതെന്ന് മംമ്ത പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടാണ് മംമ്‌തയുടെ പ്രതികരണം.

'ഈ സീസണിൽ 'സൂപ്പർഹീറോയിൻ' സിനിമകളുടെ ഉദയവും വിജയങ്ങളും നാം ആഘോഷിക്കുമ്പോൾ, നമ്മുടെ ഇടയിൽ എല്ലാ ദിവസവും യഥാർത്ഥ പോരാട്ടങ്ങൾ നടത്തുന്ന നിരവധി സൂപ്പർഹീറോകളുടെയും സൂപ്പർഹീറോയിനുകളുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെ തിരഞ്ഞെടുത്ത, ആ വേഷം അവതരിപ്പിച്ച ഒരു നായകനിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.

തലവര ചെയ്യാന്‍ തിരഞ്ഞെടുത്തതിന് അര്‍ജുന്‍ അശോകന് നന്ദി. ഒട്ടുമിക്ക ആളുകൾക്കും വിരസവും ബന്ധമില്ലാത്തതുമായി തോന്നാവുന്ന ഒരു പ്രശ്നം ലളിതവും രസകരവുമായി അവതരിപ്പിച്ച, ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ഒരുക്കിയ അരങ്ങേറ്റ ചിത്രത്തിന് സംവിധായകൻ അഖില്‍ അനില്‍കുമാറിനും അഭിനന്ദനങ്ങൾ. ശരീരത്തിൽ ഭാഗികമായോ പൂർണ്ണമായോ നിറം നഷ്ടപ്പെടുന്ന,വ്യക്തിപരമെന്ന് തോന്നുമെങ്കിലും സാധാരണ ജീവിതത്തെ താറുമാറാക്കുന്ന ഈ അവസ്ഥയായ വിറ്റിലി​ഗോ ഉള്ള ആർക്കും അല്ലെങ്കിൽ അത്തരത്തിൽ ഒരാളെ സ്നേഹിക്കുന്ന ആർക്കും ജ്യോതിഷിന്റെ അനുഭവങ്ങൾ വ്യക്തിപരമായി തോന്നും.

വീട്ടിലായാലും, ജോലിസ്ഥലത്തായാലും, സുഹൃത്തുക്കൾക്കിടയിലായാലും, വ്യക്തിബന്ധങ്ങളിലായാലും, സമൂഹത്തിലായാലും ജീവിതത്തെ നേരിടാൻ വിറ്റിലിഗോ ഉള്ള ഒരാൾ മാനസികമായി തയ്യാറെടുക്കേണ്ടി വരുന്ന വ്യക്തിപരമായ, വൈകാരികമായ, പ്രത്യേകിച്ചും മാനസികമായ വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്ന, വേദനാജനകമെങ്കിലും ശക്തമായ ഒരു കഥയാണ് അഖിൽ മനോഹരമായി കോർത്തിണക്കിയത്. നമ്മുടെ ഇടയിൽ ജീവിക്കുന്ന എല്ലാ 'പാണ്ട'കൾക്കും കൂടുതൽ ശക്തിയുണ്ടാവട്ടെ - നമ്മൾ ഇതിലൂടെയും ഇതിലധികമുള്ളതിലൂടെയും 'കുങ്ഫു' ചെയ്ത് മുന്നേറും! പോരാട്ടം തുടരുക,' മംമ്ത മോഹന്‍ദാസ്. വിറ്റിലി​ഗോ രോ​ഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നടി മംമ്ത മോഹൻദാസ് നേരത്തേ പറഞ്ഞിരുന്നു. ലോക വിറ്റിലി​ഗോ ദിനത്തിൽ തൊലിയുടെ നിറംമാറിയ തന്റെ കൈയിന്‍റെ ചിത്രവും താരം പോസ്റ്റ് ചെയ്യുകയുണ്ടായി.

content highlights:  Mamta Mohandas praises the movie Thalavara

dot image
To advertise here,contact us
dot image