
വേഫെറർ പോലെ ഒരു നിർമാണ കമ്പനി ഇല്ലെങ്കിൽ ലോക പോലെ ഒരു സിനിമ ഒരിക്കലൂം സംഭവിക്കില്ല എന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. മറ്റൊരു പ്രൊഡക്ഷൻ കമ്പനിയും ആ സിനിമ ചെയ്യാൻ ധൈര്യം കാണിക്കില്ല. നമ്മളുടെ ഐഡിയയെ വിശ്വസിക്കുന്ന ഒരു നിർമാതാവ് ഉണ്ടാകുക എന്നത് വലിയ കാര്യമാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ശ്രീനിവാസൻ ലോകയെക്കുറിച്ച് പറഞ്ഞത്.
'ലോക ഇത്രയും ചർച്ചചെയ്യപ്പെടാൻ കാരണം ഈ കോസ്റ്റിൽ ഇങ്ങനെ ഒരു സിനിമ ചെയ്യപ്പെട്ടു എന്നത് കൊണ്ട് കൂടിയാണ്. ഇന്ന് അതെല്ലാം സാധ്യമാണ്. അതിൽ പ്രീ പ്ലാനിങ്ങും പ്രീ പ്രൊഡക്ഷനുമെല്ലാം വളരെ പ്രാധാന്യമുണ്ട്. നമ്മളുടെ ഐഡിയയെ വിശ്വസിക്കുന്ന ഒരു നിർമാതാവ് ഉണ്ടാകുക എന്നതും വളരെ വലിയ കാര്യമാണ്. ലോക പോലെ ഒരു കഥ പറഞ്ഞു മറ്റൊരാളെ കൺവിൻസ് ചെയ്യാൻ പാടാണ്. വേറെ ഒരു പ്രൊഡക്ഷൻ ടീമും ലോക പോലെ ഒരു സിനിമ ഒരുക്കാൻ തയ്യാറാകില്ല. വേഫെറർ പോലെ ഒരു നിർമാണ കമ്പനി ഇല്ലായിരുന്നു എങ്കിൽ ലോക പോലെ ഒരു സിനിമ ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. ഇത്തരം സിനിമയ്ക്ക് കാശ് മുടക്കണമെങ്കിൽ സിനിമ അറിയാവുന്നവർക്കേ സാധിക്കൂ. അത് ദുൽഖറിന് കഴിഞ്ഞ സിനിമകളിൽ നിന്ന് കിട്ടിയിട്ടുള്ള ഒരു എക്സ്പീരിയൻസ് കൂടിയാണ്. ഇനി ആളുകളുടെ പ്രതീക്ഷകളെ മീറ്റ് ചെയ്യുന്ന സിനിമകൾ ചെയ്താലേ രക്ഷയുള്ളൂ', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
അതേസമയം, റിലീസ് ചെയ്ത് തുടർച്ചയായ 20 ദിവസങ്ങളിലും 2 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആദ്യ മലയാള സിനിമയായി 'ലോക' മാറി. ഈ അസാധാരണ നേട്ടം മലയാള സിനിമാ വ്യവസായത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യ ദിനം തന്നെ കേരളത്തിൽ നിന്ന് 2.70 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ച ചിത്രം പിന്നീട് കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി ഭേദിച്ചു. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 5 കോടിക്ക് മുകളിൽ കളക്ഷൻ നേടി ഞെട്ടിച്ചു. എട്ടാം ദിവസം 6.18 കോടിയും, പത്താം ദിവസം 7.30 കോടിയും നേടി ചിത്രം പ്രേക്ഷകരെ ആവേശത്തിലാക്കി. വാരാന്ത്യങ്ങളിൽ മാത്രമല്ല, പ്രവൃത്തി ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നിലനിർത്തി.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്.
content highlights: Dhyan sreenivasan about Lokah