
'ലോക'യിലെ സൂപ്പർഹിറ്റ് ഗാനം 'ക്വീൻ ഓഫ് ദ നൈറ്റ്' ഇന്നലെ പുറത്തിറങ്ങിയിരുന്നു. ജേക്സ് ബിജോയ് സംഗീതം പകർന്ന ഈ ഗാനത്തിന് ഇംഗ്ലീഷ് വരികൾ എഴുതിയത് സേബ ടോമിയാണ്. തിയേറ്റർ റിലീസിന് ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് ഈ ഗാനം പുറത്തിറങ്ങാൻ വേണ്ടിയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും സ്പോട്ടിഫൈയിലും ഈ ഗാനം വൻ ട്രെൻഡിങ്ങാണ്. ലോകയുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് ജേക്സ് പുറത്ത് വിട്ടിരുന്നു.
ഈ വർഷം വ്യത്യസ്ത തരത്തിലുള്ള ഗാനങ്ങൾ മലയാളികൾക്ക് നൽകിയ ഒരു സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. തുടരെ സൂപ്പർഹിറ്റ് ഗാനങ്ങൾ മാത്രമാണ് ജേക്സ് ഓരോ ചിത്രത്തിന് വേണ്ടി ഒരുക്കുന്നത്. ജേക്സിനെ പുകഴ്ത്തി നിരവധി കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ലോകയുടെ അണിയറപ്രവത്തകർ തന്നെ ജേക്സിനെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു.
അതേസമയം, റിലീസ് ചെയ്ത് തുടർച്ചയായ 20 ദിവസങ്ങളിലും 2 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആദ്യ മലയാള സിനിമയായി 'ലോക' മാറി. ഈ അസാധാരണ നേട്ടം മലയാള സിനിമാ വ്യവസായത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യ ദിനം തന്നെ കേരളത്തിൽ നിന്ന് 2.70 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ച ചിത്രം പിന്നീട് കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി ഭേദിച്ചു. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 5 കോടിക്ക് മുകളിൽ കളക്ഷൻ നേടി ഞെട്ടിച്ചു. എട്ടാം ദിവസം 6.18 കോടിയും, പത്താം ദിവസം 7.30 കോടിയും നേടി ചിത്രം പ്രേക്ഷകരെ ആവേശത്തിലാക്കി. വാരാന്ത്യങ്ങളിൽ മാത്രമല്ല, പ്രവൃത്തി ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നിലനിർത്തി.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്.
Content Highlights: Lokah movie song queen of the night gone viral and trending