ബിജെപിക്ക് തമിഴ്‌നാട്ടിലേക്ക് പ്രവേശനമില്ല, മോദി മാജിക് ഇവിടെ വിലപ്പോകില്ല; എം കെ സ്റ്റാലിൻ

'ഇപ്പോൾ ബിജെപിയെ തടഞ്ഞില്ലെങ്കിൽ അവർ അടുത്തതായി സംസ്ഥാനമില്ലാത്ത രാജ്യം സൃഷ്ടിക്കും'

ബിജെപിക്ക് തമിഴ്‌നാട്ടിലേക്ക് പ്രവേശനമില്ല, മോദി മാജിക് ഇവിടെ വിലപ്പോകില്ല; എം കെ സ്റ്റാലിൻ
dot image

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മോദിയുടെ തന്ത്രങ്ങളും മാജിക്കും തമിഴ്‌നാട്ടിൽ വിലപ്പോകില്ലെന്നും ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ജന്മവാർഷികവും പ്രമാണിച്ച് കരൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

തമിഴ്‌നാടിന്റെ സാംസ്‌കാരിക മൂല്യങ്ങൾ ആരുടെ മുന്നിലും അടിയറവെക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെ ഉന്നമിട്ടായിരുന്നു സ്റ്റാലിന്റെ ഈ പ്രതികരണം. ഹിന്ദി അടിച്ചേൽപിക്കൽ, അകാരണമായി വിദ്യാഭ്യാസ ഫണ്ടുകൾ തടഞ്ഞുവെക്കൽ, കേന്ദ്രത്തിന്റെ അമിതമായ ഇടപെടൽ എന്നിവയിൽ കടുത്ത ഭാഷയിലാണ് സ്റ്റാലിൻ കേന്ദ്ര സർക്കാരിനെതിരെ കടന്നാക്രമിച്ചത്.

സംസ്ഥാനത്തിന്റെ അധികാരങ്ങൾക്കുമേൽ കടന്നുകയറുന്ന നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന അമിതമായ കേന്ദ്രീകരണ പ്രവണതയെ പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ഫെഡറലിസത്തിന്റെയും ഭാഷാപരമായ അവകാശങ്ങളുടെയും സംരക്ഷണം ഇപ്പോൾ യുവതലമുറയുടെ കൈകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ പരാമർശം. 'ഇപ്പോൾ ബിജെപിയെ തടഞ്ഞില്ലെങ്കിൽ അവർ അടുത്തതായി സംസ്ഥാനമില്ലാത്ത രാജ്യം സൃഷ്ടിക്കും. ഇത് ഡിഎംകെ എന്ന പാർട്ടിയുടെ പോരാട്ടമല്ല, തമിഴ്‌നാടിനായുള്ള പോരാട്ടമാണ്' സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട്ടിലേക്ക് ബിജെപിക്ക് പ്രവേശനമില്ല. മൂന്നാം തവണയും അധികാരത്തിൽ വന്നിട്ടും ഇവിടെ മോദിയുടെ മാജിക് ഏറ്റില്ല. തമിഴ്‌നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും ഡിഎംകെ സംരക്ഷിക്കും. തമിഴ്‌നാടിനെ തലകുനിക്കാൻ അനുവദിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ കെ പളനിസാമിയെയും സ്റ്റാലിൻ വിമർശിച്ചു. 'പാർട്ടിയുടെ സ്വാതന്ത്ര്യം പളനിസാമി ബിജെപിക്കുമുന്നിൽ അടിയറവെച്ചു. റെയ്ഡുകളിൽനിന്നുള്ള സ്വയരക്ഷക്കായി അദ്ദേഹം പാർട്ടിയെ പണയപ്പെടുത്തി. അണ്ണാദുരൈയുടെ തത്വങ്ങളോടുള്ള വഞ്ചനയാണ് എഐഎഡിഎംകെയുടെ ഇപ്പോഴത്തെ നിലപാടുകൾ. പഴയ 'അണ്ണായിസം' ഇപ്പോൾ 'അടിമയിസ'ത്തിലേക്ക് മാറി' സ്റ്റാലിൻ പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും സ്റ്റാലിൻ എടുത്തുപറഞ്ഞു. ഇരട്ട അക്ക സാമ്പത്തിക വളർച്ച കൈവരിച്ച ഏക സംസ്ഥാനം തമിഴ്‌നാടാണെന്നും അദ്ദേഹം വ്യക്തമാക്കി

Content Highlights: MK Stalin Vows No Entry For Bjp in Tamil Nadu at DMK Mupperum Vizha Celebrations

dot image
To advertise here,contact us
dot image