
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും കോഴിക്കോട്ടുകാരന്‍ ഹുസൈനും തമ്മിലുള്ള ബന്ധത്തില്‍ ചോദ്യങ്ങളുയര്‍ത്തികെ ടി ജലീല്‍ എംഎല്‍എ. പി കെ ഫിറോസിനെപ്പോലെ പെട്ടെന്ന് സമ്പന്നനായ മായാവിയാണ് ഹുസൈനെന്നും ഇയാള്‍ക്ക് ദുബായില്‍ ഒരു റെസ്റ്റോറന്റ് ഉണ്ടെന്നും ജലീല്‍ ആരോപിക്കുന്നു. ഫിറോസ് ദുബായില്‍ എത്തുമ്പോള്‍ ആതിഥ്യം നല്‍കുന്നത് ഹുസൈനാണ്. ഹുസൈന്റെ ദുബായിലെ റെസ്റ്റോറന്റില്‍ ഫിറോസിന് ഷെയറുണ്ടോ എന്നും ജലീല്‍ ചോദിക്കുന്നു.
ഹുസൈന്റെ സന്തതസഹചാരിയും അയല്‍വാസിയുമായ ഷഹീറിനെതിരെയും ജലീല്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഷഹീര്‍ മധ്യപൗരസ്ത്യ ദേശത്തെ ഏതോ ജയിലിലാണെന്നും എന്ത് കേസിലാണ് ഇയാള്‍ ജയിലില്‍ കഴിയുന്നതെന്ന് ഹുസൈന്റെ ആത്മസുഹൃത്തായ ഫിറോസിന് അറിയാതിരിക്കെന്നും ജലീല്‍ പറയുന്നു. ഹുസൈന്റെ ബിസിനസില്‍ ഫിറോസിന് പാര്‍ട്ണര്‍ഷിപ്പുണ്ടോ എന്ന് ചോദിക്കുന്ന ജലീല്‍, ഫിറോസ് ആ ബന്ധം നിഷേധിച്ചാല്‍ ബാക്കി കാര്യങ്ങള്‍ നാളെ പറയാമെന്നും പറഞ്ഞു. സിനിമകളെ പോലും വെല്ലുന്ന മാഫിയാ സംഘമാണ് യൂത്ത് ലീഗിനെ പിടി മുറുക്കിയിരിക്കുന്നതെന്നും ജലീല്‍ ആരോപിച്ചു.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഹുസൈന്റെ 'റെസ്റ്റോറന്റി'ല്‍ ഫിറോസിന് ഷെയറുണ്ടോ?
ഇത് 'ഹുസൈന്‍'? കോഴിക്കോട് ജില്ലക്കാരന്‍. ദുബായില്‍ പി.കെ ഫിറോസ് ചെന്നാല്‍ ആതിഥ്യം നല്‍കുന്നയാള്‍. ദുബായിയില്‍ ഒരു റസ്റ്റോറന്റുണ്ട്. ഫിറോസിനെപ്പോലെ പെട്ടന്ന് സമ്പന്നനായ മായാവിയാണ്. ആ വളര്‍ച്ചയുടെ പിന്നാമ്പുറ രഹസ്യങ്ങള്‍ 'വേറെ' ലെവലാണ്.
രണ്ടാമത്തെ ഫോട്ടോയില്‍ ഹുസൈന്റെ കൂടെ നില്‍ക്കുന്നത് 'മൊട്ട' എന്ന് വിളിക്കപ്പെടുന്ന ഷഹീര്‍. ഹുസൈന്റെ സന്തതസഹചാരിയും അയല്‍വാസിയും. ഷഹീറിപ്പോള്‍ എവിടെയാണ്? മധ്യപൗരസ്ത്യ ദേശത്തെ ഏതോ ജയിലിലാണെന്നാണ് കേള്‍ക്കുന്നത്? എന്ത് കേസിലാണെന്ന് ഹുസൈന്റെ ''ആത്മസുഹൃത്തായ' ഫിറോസിന് അറിയാതിരിക്കില്ല? ഹുസൈന്റെ 'ബിസിനസില്‍' ഫിറോസിന് പാര്‍ട്ട്ണര്‍ഷിപ്പുണ്ടോ? ഫിറോസ് ബന്ധം നിഷേധിച്ചാല്‍ ബാക്കി കാര്യങ്ങള്‍ നാളെ പറയാം. സിനിമകളെ പോലും വെല്ലുന്ന മാഫിയാ സംഘമാണ് യൂത്ത്‌ലീഗിനെ പിടി മുറുക്കിയിരിക്കുന്നത്.
എനിക്കെതിരെ നാടുനീളെ ഇല്ലാക്കഥകള്‍ പാടി നടക്കുന്ന സമയത്തില്‍ നിന്ന് അല്‍പനേരം സ്വന്തം അനുജനു വേണ്ടി ചെലവഴിച്ചാല്‍, മയക്കു മരുന്നു വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും ശപിക്കപ്പെട്ട ലോകത്തേക്ക് ബുജൈര്‍ വീണ്ടും മടങ്ങിപ്പോകുന്നത് ഒഴിവാക്കാം. ആദ്യം നിയമ വിരുദ്ധ ധനസമ്പാദന മാര്‍ഗ്ഗങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കുക. പിന്നീട് വീട് നന്നാക്കുക. അതിനു ശേഷം നാട് നന്നാക്കാന്‍ ഇറങ്ങുക. അതാണ് ഭംഗി.
ഇതുവരെ പറഞ്ഞ ഫിറോസിന്റെ അവിഹിത സമ്പാദ്യത്തെ സംബന്ധിക്കുന്ന എല്ലാ ആരോപണങ്ങളും ഫിറോസ് അംഗീകരിച്ചതാണ്. ഹുസൈനുമായുള്ള 'ബിസിനസില്‍' ഫിറോസിന് പാര്‍ട്ട്ണര്‍ഷിപ്പുണ്ടെങ്കില്‍ അതും ഏറ്റു പറയുക. അല്ലെങ്കില്‍ നിഷേധിക്കുക. മൗനം സമ്മതമായി ആരെങ്കിലും കണക്കാക്കിയാല്‍ ഈ വിനീതന്‍ ഉത്തരവാദിയല്ല.
1) ഫിറോസിന് UAE യില്‍ Fortune House General Trading LLC എന്ന കമ്പനില്‍ Sales Manager ആയി വിസയുണ്ട്. (ഫിറോസ് ശരിവെച്ചു)
2) അഞ്ചേകാല്‍ ലക്ഷം രൂപയാണ് നാട്ടിലിരുന്ന് അദ്ദേഹം കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് വേതനം പറ്റുന്നത്. (ഫിറോസ് ശരിവെച്ചു)
3) കൊപ്പത്തെ 'Yummy Fried Chicken' എന്ന സ്ഥാപനത്തില്‍ തനിക്ക് പാര്‍ട്ട്ണര്‍ഷിപ്പുണ്ട്. (ഫിറോസ് ശരിവെച്ചു)
4) തിരുനാവായ സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്ന അഷ്‌കര്‍ ഫിറോസിന്റെ ബിസിനസ് പങ്കാളിയാണ്. (ഫിറോസ് ശരിവെച്ചു)
5) കോഴിക്കോട് ഹൈലൈറ്റ് മാളിലെ 'Yummy Fried Chicken' എന്ന സ്ഥാപനം ഫിറോസിന്റെതാണ്. (ഫിറോസ് ശരിവെച്ചു)
6) കോഴിക്കോട്ടെ Bluefin Travels ഫിറോസിന്റേതാണ്. (ഫിറോസ് സമ്മതിച്ചു)
7) കോഴിക്കോട്ടെ 'Bluefin Villa Project' ഫിറോസിന്റേതാണ്.
(ഫിറോസ് സമ്മതിച്ചു)
8) ദുബായിലെ 'Bluefin Tourism LLC' എന്ന കമ്പനിയില്‍ ഫിറോസിന് പങ്കാളിത്തമുണ്ട്. (ഫിറോസ് നിഷേധിച്ചിട്ടില്ല)
9) 'Bluefin Property Care' എന്ന സ്ഥാപനത്തില്‍ ഫിറോസിന് പാര്‍ട്ട്ണര്‍ഷിപ്പുണ്ട്.
(ഫിറോസ് നിഷേധിച്ചിട്ടില്ല)
10) കുറ്റ്യാടി തൊട്ടില്‍പ്പാലത്തുകാരന്‍ 'മൊട്ട' എന്ന ഷഹീറിനെ ഫിറോസ് അറിയുമോ? അദ്ദേഹമിപ്പോള്‍ എവിടെയാണ്? (ഫിറോസിനോടുള്ള പുതിയ ചോദ്യം)
11) ഹുസൈനുമായി ഫിറോസിന് എന്തെങ്കിലും ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടോ?
(ഫിറോസിനോടുള്ള പുതിയ ചോദ്യം)
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഫിറോസ് മറുപടി പറയണം. ഞാന്‍ ഒരു യൂത്ത്‌ലീഗ് പ്രവര്‍ത്തകനോട് വസ്തുതകള്‍ നിരത്തി പറഞ്ഞത് വെട്ടിയും കുറുക്കിയും എഡിറ്റ് ചെയ്ത് ആനക്കാര്യമാണെന്ന മട്ടില്‍ എഴുന്നള്ളിപ്പിച്ച് ഒളിച്ചോടാന്‍ നോക്കേണ്ട. മലയാളം സര്‍വകലാശാലാ ഭൂമി പ്രശ്‌നം നിയമസഭയില്‍ എഴുതിക്കൊടുത്ത് ഉന്നയിക്കാന്‍ തിരൂര്‍ ങഘഅ യെ ചുമതലപ്പെടുത്തിയിട്ടുണ്ടാകുമല്ലോ?
Content Highlights- K T Jaleel ask new questions to p k firos