ടിക്കറ്റില്ല, പക്ഷെ എസി കോച്ചിൽ യാത്ര: ചോദ്യം ചെയ്ത ടിടിഇയോട് കുളിമുറി വൃത്തിയാക്കാൻ ആവശ്യം; യുവതിക്ക് വിമർശനം

ചോദ്യം ചെയ്യാനെത്തിയ റെയിൽവെ ഉദ്യോ​ഗസ്ഥരെ യുവതി കയ്യേറ്റം ചെയ്യാനും ശ്രമിക്കുന്നതും വീഡിയോയിൽ കാണാം

ടിക്കറ്റില്ല, പക്ഷെ എസി കോച്ചിൽ യാത്ര: ചോദ്യം ചെയ്ത ടിടിഇയോട് കുളിമുറി വൃത്തിയാക്കാൻ ആവശ്യം; യുവതിക്ക് വിമർശനം
dot image

ട്രെയിൻ യാത്രക്കിടയിൽ നടക്കുന്ന പല തരം വിചിത്ര സംഭവങ്ങൾ പലപ്പോഴും വാർത്തയാവാറുണ്ടല്ലേ. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും ഇടം പിടിച്ച ഒന്നായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് എസി കംപാർട്ട്മെന്റിലിരുന്ന് പുകവലിച്ച ഒരു യുവതിയുടെ വാർത്ത. ആ വാർത്തയ്ക്ക് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഇപ്പോഴിതാ വീണ്ടും എസി കംപാർട്ട്മെൻ്റിൽ ടിക്കറ്റ് ഇല്ലാതെ ട്രെയിൻ യാത്ര ചെയ്ത ഒരു യുവതി വീണ്ടും വൈറലാവുകയാണ്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തെന്ന് മാത്രമല്ല ചോദ്യം ചെയ്യാനെത്തിയ റെയിൽവെ ഉദ്യോ​ഗസ്ഥരെ യുവതി കയ്യേറ്റം ചെയ്യാനും ശ്രമിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

എന്താണ് സംഭവം ?

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഹിന്ദിയിൽ സഹയാത്രക്കാരോടും ടിടിഇയോടും തർക്കിക്കുന്ന ഒരു യുവതിയാണുള്ളത്. വീഡിയോയിൽ 'ടിക്കറ്റില്ലാതെയാണോ യാത്ര ചെയ്യുന്നത് ?' എന്ന് ടിടിഇയുടെ ചോദ്യത്തിന് തനിക്ക് കണ്ണ് കണ്ടൂടേയെന്നും ഇവിടുത്തെ കുളിമുറികൾ എന്ത് മോശമാണെന്നും ചോദിച്ച് യുവതി വിഷയം മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ടിക്കറ്റ് ഇല്ലാതെ എന്തിനാണ് യാത്ര ചെയ്തതെന്ന ചോദ്യത്തിന് യുവതി ഉത്തരം നൽകുന്നില്ല. സഹയാത്രക്കാരുൾപ്പടെ യുവതിക്കെതിരെ സംസാരിക്കുന്നതായി വീഡിയോയിൽ കാണാം. ഇതിനിടയിൽ പ്രായമായ ഒരാൾ വിവരം പൊലീസിനെ അറിയിക്കാമെന്ന് പറയുന്നുണ്ട്. മണിക്കൂറുകൾ നീണ്ട തർക്കത്തിനൊടുവിൽ ട്രെയിനിൽ നിന്ന് പുറത്തിറങ്ങിയ യുവതി വീഡിയോ എടുത്തുകൊണ്ടിരുന്ന റെയിൽവേ ഉദ്യോ​ഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതായും ദൃശ്യങ്ങളിൽ കാണാം. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് പോരാഞ്ഞിട്ട് ഇപ്പോൾ നിങ്ങൾ ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുകയാണോ എന്ന് വീഡിയോയിൽ ചോദിക്കുന്നു.

സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ

വീഡിയോയയ്ക്ക് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്. യുവതി സ്ത്രീകളുടെ അവകാശങ്ങളെ ദുരുപയോ​ഗം ചെയ്യുകയാണ് എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെട്ടു. "ഒന്നാമതായി അവർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നു. രണ്ടാമതായി, അവരുടെ മോശം മനോഭാവം. ഇത് കണ്ടാൽ തന്നെ അറിയാം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അവർക്ക് ആത്മവിശ്വാസമുണ്ടെന്ന്" മറ്റൊരാൾ അഭിപ്രായപ്പെട്ടു. പിന്നാലെ യുവതി ഉണ്ടാക്കിയ അസൗകര്യത്തില്‍ പ്രതികരണവുമായി റെയിൽവെ സേവ രം​ഗത്തെത്തി. അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു! റെയിൽവെ ഇത്തരത്തിലുള്ള അനുഭവം നൽകാൻ ശ്രമിക്കുന്നില്ല. ദയവായി വിശദാംശങ്ങൾ (പിഎൻആർ/യുടിഎസ് നമ്പർ), മൊബൈൽ നമ്പർ എന്നിവ ഡിഎം വഴി പങ്കിടുക. വേഗത്തിലുള്ള പരിഹാരത്തിനായി നിങ്ങൾക്ക് https://railmadad.indianrailways.gov.in എന്ന വിലാസത്തിൽ നേരിട്ട് നിങ്ങളുടെ ആശങ്കകൾ ഉന്നയിക്കാവുന്നതാണ്," ഔദ്യോഗിക പിന്തുണാ അക്കൗണ്ടായ റെയിൽവേ സേവ പ്രതികരിച്ചു. അതേ സമയം, തുടർച്ചയായി ഉണ്ടാവുന്ന ട്രെയിനിലെ സമാനമായ സംഭവങ്ങൾ ആശങ്ക പരത്തുന്നതാണെന്ന് നെറ്റിസൺസ് പറയുന്നു.

Content Highlights- No ticket, but traveling in AC coach, TT questioned, asked to clean bathroom, woman criticized

dot image
To advertise here,contact us
dot image