'യക്ഷി സങ്കല്പങ്ങളെ മുഴുവൻ ബ്രേക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു'; നീലിയെ ഡിസൈൻ ചെയ്തതിനെക്കുറിച്ച് മെൽവി

യക്ഷിയ്ക്ക് നല്ല ഭംഗി ഉണ്ടായിരിക്കണം എന്നത് നിർബന്ധമായിരുന്നു. കണ്ടാൽ അരോചകമായി തോന്നാത്ത മുൻധാരണകൾ തിരുത്തുന്ന തരം യക്ഷികളെ ചെയ്യാൻ ആയിരുന്നു താൽപര്യം

'യക്ഷി സങ്കല്പങ്ങളെ മുഴുവൻ ബ്രേക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു'; നീലിയെ ഡിസൈൻ ചെയ്തതിനെക്കുറിച്ച് മെൽവി
dot image

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സ്ഥിരം സ്റ്റിരിയോ ടൈപ്പുകളെ മറികടക്കുമെന്ന രീതിയിലായിരുന്നു സിനിമയിൽ സംവിധായകൻ നീലിയെ കാണിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വഭാവം, സംഭവം നടക്കുന്ന സ്ഥലം എല്ലാത്തിനും കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ ആയ മെൽവി.

'എന്റെ ആദ്യത്തെ യക്ഷി ഭ്രമയുഗത്തിലെ ആണ്. ഞാൻ എന്ന ഡിസൈനർ ഇവിടെ ഉണ്ടെന്ന് ആളുകളെ പരിചപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ഇത്. രാഹുൽ ഏട്ടന്റെ റഫെൻസ് ഉണ്ടായിരുന്നു. യക്ഷി വരുന്ന ഭാഗങ്ങൾ മുഴുവൻ സ്റ്റോറി ബോർഡിൽ തന്നിട്ടുണ്ടായിരുന്നു. യക്ഷിയ്ക്ക് നല്ല ഭംഗി ഉണ്ടായിരിക്കണം എന്നത് നിർബന്ധമായിരുന്നു. കണ്ടാൽ അരോചകമായി തോന്നാത്ത മുൻധാരണകൾ തിരുത്തുന്ന തരം യക്ഷികളെ ചെയ്യാൻ ആയിരുന്നു താൽപര്യം. യക്ഷി സങ്കല്പങ്ങളെ മുഴുവൻ ബ്രേക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു. ഇനി ആരെങ്കിലും റഫെറൻസ് എടുക്കുമ്പോൾ നമ്മുടെ യക്ഷി ഇങ്ങനെ അല്ല എന്ന ചിന്ത വരണം.

ലോക ഒരു വലിയ സിനിമയാണ്. ഡൊമിനിക് ചേട്ടന്റെ കരിയറിലെ തന്നെ വലിയൊരു സിനിമ ആണ്. നല്ല പ്ലാനിങ് ഉണ്ടായിരുന്നു. സിനിമ എങ്ങനെ പോകണം എന്തൊക്കെ കളർ വേണമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. കഥാപാത്രങ്ങളുടെ സ്വഭാവം, സംഭവം നടക്കുന്ന സ്ഥലം എല്ലാത്തിനും ഒരു കൃത്യമായ ധാരണ നിമിഷും, ശാന്തിയും നൽകിയിരുന്നു. കല്യാണിയുടെ ബ്ലാക്ക് റെഡ് കളർ കോമ്പിനേഷൻ ഒരു മിസ്റ്ററി ഒളിഞ്ഞു നിൽക്കുന്നത് കൊണ്ടാണ് സെലക്ട് ചെയ്തത്,' മെൽവി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർഹീറോ ചിത്രം 'ലോക' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് തുടർച്ചയായ 20 ദിവസങ്ങളിലും 2 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആദ്യ മലയാള സിനിമയായി 'ലോക' മാറി. ഈ അസാധാരണ നേട്ടം മലയാള സിനിമാ വ്യവസായത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവ 'ലോക'യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

'ലോക'യുടെ വിജയം മലയാള സിനിമയുടെ വളർച്ചയെയും സാധ്യതകളെയും കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമകൾക്ക് ഇനി മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ കളക്ഷൻ നേടാൻ സാധിക്കുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരും ഏറെയാണ്.

ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നസ്‌ലെന്‍, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. ഇവരുടെയെല്ലാം പ്രകടനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.

Content Highlights: Costume designer Melwy talks about designing Loka's Neely

dot image
To advertise here,contact us
dot image