
റാഫി മെക്കാർട്ടിൻ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ഹിറ്റ് കോമഡി മലയാള സിനിമയായിരുന്നു പാണ്ടിപ്പട. സിനിമയിൽ പാണ്ടി ദുരൈ എന്ന വില്ലൻ കഥാപാത്രം അവതരിപ്പിച്ചിരുന്നത് പ്രകാശ് രാജ് ആയിരുന്നു. ഈ സിനിമയിൽ സൗബിൻ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നുവെന്നും അന്ന് മുതൽ തന്നെ അദ്ദേഹത്തിലെ പാഷനെ ശ്രദ്ധിച്ചിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. ഗലാട്ടാ ഗോൾഡൻ സ്റ്റാർ പുരസ്‌കാര വേദിയിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. ഏത് വേഷം ചെയ്യാനും കഴിവുള്ള പ്രതിഭകൾ ഉള്ള ഇൻഡസ്ട്രിയാണ് മലയാളം എന്നും പ്രകാശ് രാജ് പറഞ്ഞു.
'ഒരുപാട് വർഷം മുമ്പ് ഞാൻ മലയാളത്തിൽ പാണ്ടിപ്പട എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഞാൻ ആ സിനിമയിൽ വില്ലൻ വേഷമാണ് ചെയ്തിരുന്നത്. അന്ന് ആ പടത്തിൽ സൗബിൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നേ സിനിമയോടുള്ള അയാളുടെ പാഷൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി അയാൾ മാറിയിരിക്കുകയാണ്. ഏത് തരം വേഷവും ചെയ്യാൻ കഴിയുന്ന ആർട്ടിസ്റ്റുകൾ ധാരാളമായി ഉള്ള ഇൻഡസ്ട്രിയാണ് മലയാളം.
മലയാളത്തിലെ പല ആർട്ടിസ്റ്റുകളും ക്യാരക്ടർ റോൾ ചെയ്യുമ്പോൾ അതിനെ വേറെ ലെവലിലെത്തിക്കാറുണ്ട്. പലരും ഈയടുത്ത് മാത്രമായിരിക്കും മലയാളസിനിമകൾ കണ്ടുതുടങ്ങിയിട്ടുണ്ടാവുക. ഞാൻ പണ്ടുമുതലേ മലയാളത്തിലെ സിനിമകളെല്ലാം ശ്രദ്ധിക്കാറുണ്ട്. അതിലെല്ലാം നമ്മളെ ഞെട്ടിക്കുന്ന പല ആർട്ടിസ്റ്റുകളുമുണ്ട്.
സൗബിന്റെ കാര്യമെടുത്താൽ അയാൾ ആദ്യകാലം മുതൽ തെരഞ്ഞെടുക്കുന്ന റോളുകളെല്ലാം ഗംഭീരമാണ്. ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന ഇന്റൻസിറ്റിയെല്ലാം എടുത്തു പറയേണ്ടതാണ്. ഇപ്പോൾ മോണിക്ക എന്ന പാട്ടിൽ അയാളുടെ ഡാൻസ് മാത്രമേ എല്ലാവരും ശ്രദ്ധിക്കുള്ളൂ. എന്നാൽ ആ പടത്തിൽ അയാൾ ആ കഥാപാത്രത്തിന് കൊടുക്കുന്ന ഇന്റൻസിറ്റി അപാരമാണ്. ഞാന് അയാളുടെ ഫാനായി മാറി, പ്രകാശ് രാജ് പറഞ്ഞു.
content highlights: Prakash Raj praises Soubin Shahir